Pages

Download

Search This Blog

Sunday, October 2, 2011

ഒരു ടാപ്പ് അടച്ച കഥ


മലയാളത്തിലെ പ്രമുഖ ചാനലില്‍ ഒരു പോപ്പുലര്‍ പരിപാടിയില്‍ പങ്കെടുക്കാന്‍ കെട്ടും കെട്ടി ഇറങ്ങിയതായിരുന്നു രാവിലെ. ഒപ്പം ഒരു പോങ്ങന്‍ ചങ്ങാതിയുമുണ്ട്. കൈയില്‍ ഉള്ള ചില്ലറ നുള്ളിപ്പെറുക്കി എണ്ണി നോക്കി മാനം പോവില്ല എന്നുറപ്പിച്ചു നഗരത്തിന്റെ നാറ്റമേറിയ ഹൃദയത്തില്‍ നിന്നും ആട്ട (ഓട്ടോ റിക്ഷയുടെ തിരുവനന്തപുരം വേര്‍ഷന്‍ ) പിടിച്ചാണ് ചെന്നത്, നമ്മള്‍ ഒട്ടും മോശക്കാരനല്ല എന്ന് കാണിക്കണമല്ലോ.
ചെന്നിറങ്ങിയപ്പോള്‍ തന്നെ കണ്ണില്‍ പെട്ടു, പുഴുങ്ങിയ ചൂട് ചേമ്പിന്‍കിഴങ്ങ് വായില്‍ തിരുകിയിട്ടെന്ന പോലെ ചാനലില്‍ സംസാരിക്കുന്ന സുന്ദരിയും പിന്നെ രണ്ട് കണ്ടു പരിചയമില്ലാത്ത സഹസുന്ദരിമാരും സൊറ പറഞ്ഞു നില്‍പ്പുണ്ട്. ചാനല്‍ അവതാരകര്‍ എന്ന അവതാരങ്ങള്‍ എല്ലാം ഒന്നൊഴിയാതെ അഹങ്കാരികള്‍ ആണെന്ന പ്രപഞ്ചസത്യത്തെക്കുറിച്ച് അന്നേ എനിക്കറിയാമായിരുന്നു. അതുകൊണ്ട് തന്നെ അവരെ ഞാന്‍ ശ്രദ്ധിച്ചു എന്ന് അവര്‍ക്ക് ഒരിക്കലും തോന്നാതിരിക്കാനുള്ള ഭാവം മുഖത്ത് പെയിന്റ് ചെയ്ത ശേഷമാണ് ഞാന്‍ ഓട്ടോയില്‍ നിന്നും ഇറങ്ങിയത്. ക്ഷണിക്കപ്പെട്ടിട്ടു ചെന്ന വി.ഐ.പി എന്നപോലെ ഞാന്‍ ഞെളിഞ്ഞു നിന്നു ഒന്ന് ചുറ്റും നോക്കി. എന്റെ ഈ ഷോ ഒക്കെ കണ്ടിട്ടും അവളുമാര്‍ എന്നെ അങ്ങോട്ട്‌ മൈന്‍ഡ് ചെയ്യുന്നില്ല എന്ന് കണ്ടപ്പോള്‍ എനിക്കതങ്ങോട്ട് രസിച്ചില്ല.
ഭാഗ്യം കോര്‍പ്പറേഷന്‍ ടാപ്പിന്റെ രൂപത്തില്‍ എന്നെ നോക്കി ചിരിക്കുന്നത് അപ്പോഴാണ്‌ എന്റെ ശ്രദ്ധയില്‍ പെട്ടത്. അതാ അടയ്ക്കാത്ത കോര്‍പ്പറേഷന്‍ പൈപ്പില്‍ നിന്നും അമൂല്യമായ കു(കാ)ടി വെള്ളം പുറത്തേക്കൊഴുകി ആമയിഴഞ്ചാന്‍ തോടിന്റെ ഭാഗമാകുന്നു. സാമൂഹ്യ പ്രതിബദ്ധതാ പ്രദര്‍ശനം എന്ന സാര്‍വത്രിക പൊതുജനാകര്‍ഷണ ഭൈരവയന്ത്രം പ്രയോഗിക്കാന്‍ ഞാന്‍ തീരുമാനിച്ചു. "നമ്മുടെ ജനങ്ങള്‍ എന്നാണു ഇനി കുടിവെള്ളത്തിന്റെ വില മനസിലാക്കുന്നത്? ഉപയോഗം കഴിഞ്ഞാല്‍ ടാപ്പ് അടയ്ക്കാന്‍ പ്രത്യേകം കോഴ്സ് ഒന്നും പാസ് ആവേണ്ട കാര്യമില്ലല്ലോ." സാമൂഹ്യബോധത്തിന്റെ ബഹിസ്ഫുരണത്തിന്റെ ആദ്യപടിയായി ചങ്ങാതിയോട്‌ ഒരു ലഘു പ്രഭാഷണം നടത്തിക്കൊണ്ട് ഞാന്‍ നേരെ ആ ടാപ്പിന്റെ നേരെ നടന്നു. ഒളിമ്പിക്സ് ദീപശിഖ കൊളുത്തുന്ന ഭാവത്തില്‍ ഞാന്‍ ആ ടാപിന്റെ അടപ്പ് തിരിച്ചു. കുടിവെള്ളത്തിന്റെ വിലയെ കുറിച്ചും അത് നമ്മള്‍ മനസിലാക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ചും ഉള്ള എന്റെ പ്രഭാഷണം 'No claps please!' എന്ന ഭാവത്തിന്റെകൂടി അകമ്പടിയോടെ മുന്നോട്ടു കൊണ്ട് പോകുമ്പോഴാണ് പെട്ടത് കുരുക്കിലാണെന്ന് ഞാന്‍ അറിയുന്നത്, ടാപ്പ് അടയുന്നില്ല!!! മാത്രമല്ല കുറെ നേരം തിരിച്ചു കഴിഞ്ഞപ്പോഴേക്കും വെള്ളത്തിന്റെ ഒഴുക്ക് കൂടുകയും ചെയ്തു. ഇനി തിരിച്ചാല്‍ ടാപ്പിന്റെ അടപ്പ് ടാപ്പിനെ ഉപേക്ഷിച്ചു എന്റെ കൂടെ ഇറങ്ങിവരും എന്ന് തോന്നിയപ്പോള്‍ ഞാന്‍ ആ മിഷന്‍ വിട്ടു. ഞാന്‍ തന്നെ അറിയാത്ത ഏതോ നിമിഷത്തില്‍ എന്റെ പ്രഭാഷണം നേരത്തെ നിലച്ചിരുന്നു.
കൂടുതല്‍ പറയേണ്ടല്ലോ അല്ലെ?

Wednesday, August 3, 2011

ഹെയര്‍ പിന്‍ വേ

വീണ്ടും ഒരു പഴയ യൂണിവേഴ്സിറ്റി കോളേജു കഥയാണ്‌. ഡിഗ്രി പഠന കാലത്തെ ടൂര്‍ ആണ് സന്ദര്‍ഭം.
ബസ്‌ പളനി ഹില്സ് ഇറങ്ങി കൊടൈക്കനാല്‍ വന്നു കൊണ്ടിരിക്കുന്നു. നേരം വെളുപ്പിന് ഏകദേശം നാല് മണി. ഞാന്‍ ഉള്‍പ്പടെ മൂന്നോ നാലോ പേര്‍ ഒഴികെ ബാക്കി എല്ലാരും നല്ല ഉറക്കം. സഖാവ് മനു ഡ്രൈവര്‍ സീറ്റിനു പിന്നില്‍ നിന്ന് ബസ്‌ ഹെയര്‍ പിന്‍ വേ ഇറങ്ങുന്ന കൌതുകകരമായ കാഴ്ച ആസ്വദിക്കുകയാണ്. ഞങ്ങള്‍ പിന്നിലിരുന്നു വേറെ പണിയൊന്നും ഇല്ലാത്തതുകൊണ്ട് 'മനു അളിയാ സൂക്ഷിച്ചു വണ്ടി ഓടിക്കണേ' എന്നൊക്കെ പറഞ്ഞു അവനെ വേവ് കയറ്റിക്കൊണ്ടിരിക്കുകയായിരുന്നു. കുറെ നേരം 'വാരിയിട്ടും' മനു പ്രതികരിക്കുന്നില്ല എന്ന് കണ്ട് അവന്‍ ഇനി സെന്റി ആണോ എന്ന സംശയത്തില്‍ ഇരുന്നപ്പോഴാണ്, പിന്നില്‍ അത് സംഭവിച്ചത്. സഖാവ് ജിഷ ഉണര്‍ന്നു! ഉണര്‍ന്നു കോട്ടുവായ് ഇട്ടു ചുറ്റും പരപരാ നോക്കിക്കൊണ്ട് ജിഷ ഒരു ചോദ്യം 'ഇത് ഏതാ സ്ഥലം?' വിവരാവകാശ നിയമം ഒക്കെ ഉള്ളതല്ലേ, ഞാന്‍ സത്യസന്ധമായി മറുപടി പറഞ്ഞു 'നമ്മള്‍ ഇപ്പോള്‍ കൊടൈക്കനാല്‍ പോകുന്ന ഹെയര്‍ പിന്‍ വേ ഇറങ്ങുകയാണ്.' പുള്ളിക്കാരി ഒരു നിമിഷം ഒന്ന് ചുറ്റും നോക്കി. എന്നിട്ടൊരു കമന്റ്, "ങേ! താഴേക്കുള്ള ഹെയര്‍ പിന്‍ വെയോ? ഞങ്ങടെ അവിടെയൊക്കെ ഹെയര്‍ പിന്‍ വേ മുകളിലോട്ടാണ്"
പോരെ പൂരം! ആരെ അപരാധിക്കാന്‍ എന്ന് നോക്കിയിരുന്ന ഞങ്ങള്‍ക്ക് ഉഗ്രന്‍ ഒരു ഇരയെ കിട്ടി. മനുവിനെ വിട്ടു ഞങ്ങള്‍ പിന്നെ ജിഷയുടെ കമന്റില്‍ പിടിത്തമിട്ടു... കോഴ്സ് തീരും വരെയും 'ഹെയര്‍ പിന്‍ വേ' ക്ലാസ്സിലെ ഒരു പഞ്ച് ഡയലോഗ് ആയിരുന്നു.

Sunday, July 3, 2011

സസ്തനികള്‍ !!

തിരുവനന്തപുരം ജില്ലയുടെ വടക്കേ അറ്റത്തു പാലോട് എന്ന കൊച്ചു ഗ്രാമത്തിലെ ഒരു സ്കൂളില്‍ ഈയുള്ളവന്‍ ഒരു രണ്ടാം ക്ളാസുകാരന്‍ ആയി നളിക്കുന്ന കാലം. അന്ന് പരീക്ഷ സ്ലേട്ടിലാണ് എഴുതുക. (ഇന്നത്തെ പിള്ളേര്‍ സ്ലേറ്റ്‌ എന്ന് കേട്ടിട്ടുണ്ടോ ആവോ!). ടീച്ചര്‍മാര്‍ ചോദ്യം ഓരോന്നായി പറയും, അത് കേട്ട് നമ്മള്‍ സ്ലേറ്റില്‍ ഉത്തരം എഴുതും എന്നിട്ട് എല്ലാവരും കൂടി സ്ലേറ്റുകള്‍ ടീച്ചറുടെ ഡെസ്ക്കില്‍ കൊണ്ട് പോയി അടുക്കും. ടീച്ചര്‍ മാര്‍ക്ക്‌  ഇട്ടു പേര് വിളിക്കും.  അപ്പൊ പോയി അവനവന്റെ സ്ലേറ്റ്‌ എടുത്തു മടങ്ങണം. ഇന്ന് ഒരു രസം ഉണ്ടെങ്കിലും അന്ന് അത് ഒരു വലിയ കാര്യമായിരുന്നു, കാരണം പരീക്ഷയല്ലേ!
അങ്ങനെ ഒരു പരീക്ഷ...
പരീക്ഷയ്ക്ക് ഒരു ചോദ്യം എന്നെ അല്പമൊന്നു ചിന്തിപ്പിച്ചു. 'കുഞ്ഞുങ്ങളെ പ്രസവിക്കുകയും പാലൂട്ടി വളര്‍ത്തുകയും ചെയ്യുന്ന ജീവികളെ എന്ത് വിളിക്കും?' പക്ഷെ ക്ളാസില്‍ ഒന്നാമന്‍ ആയ ഞാന്‍ ഉത്തരം എഴുതാതെ വിടാന്‍ പാടില്ലല്ലോ. ഞാന്‍ ഉത്തരം എഴുതി. സ്ലേറ്റുകള്‍ ഉഷ ടീച്ചറിന് മുന്‍പില്‍ കൊണ്ട് വെച്ച ഞങ്ങള്‍ എല്ലാരും യഥാസ്ഥാനങ്ങളില്‍ വന്നിരുന്നു. ടീച്ചര്‍ ഓരോ സ്ലേറ്റ്‌ ആയി പരിശോധിച് അടുക്കി വെക്കുന്നുണ്ട്. ഞാന്‍ ഇതിനിടെ അടുത്തിരിക്കുന്ന ഷെറിന്‍ എന്ന പയ്യനോട് ചോദിച്ചു,
 'എടാ.. ആ കുഞ്ഞുങ്ങളെ പ്രസവിച്ക്കുന്ന ജീവിയെ കുറിച്ച് ഒരു ചോദ്യമില്ലായിരുന്നോ? അതിന്റെ ഉത്തരം നീ എന്താ എഴുതിയത്?'
'
സസ്തനികള്‍ ' - ഷെറിന്‍ വളരെ confident ആയി ഉത്തരം പറഞ്ഞു. അങ്ങനെ ഒരു വാക്ക് ഞാന്‍ അപ്പൊ അവിടെ വെച്ച് ആദ്യമായാണ്‌ കേട്ടതെങ്കിലും അവനോടു ഞാന്‍ അത് പറഞ്ഞില്ല.
അതാ ടീച്ചര്‍ എന്റെ സ്ലേറ്റ്‌ എടുത്തു, ഉത്തരങ്ങള്‍ക്കു മേല്‍ 'വിദഗ്ദ്ധ പരിശോധന' തുടങ്ങി...
പതിവിനു വിപരീതമായി മാര്‍ക്കിട്ടു സ്ലേറ്റ്‌ അടുക്കി വെക്കുന്നതിനു പകരം ടീച്ചര്‍ വിളിച്ചു,
"വൈശാഖന്‍ ഇവിടെ വാടാ!"
ഞാന്‍ ഒന്ന് ഞെട്ടി. എന്താണാവോ പ്രശ്നം. ചിന്തിച് ഉത്തരം കണ്ടെത്താനുള്ള പ്രായം ആയിട്ടില്ലാത്തതിനാലും അതിനുള്ള സമയം ഇല്ലാത്തതിനാലും ഞാന്‍ നേരെ ടീച്ചറുടെ അടുത്ത് ചെന്നു. 
"എടാ, കുഞ്ഞുങ്ങളെ പ്രസവിക്കുകയും പാലൂട്ടി വളര്‍ത്തുകയും ചെയ്യുന്ന ജീവികള്‍ക്ക് എന്ത് പറയും?"
"സസ്തനികള്‍"- ഞാന്‍ ചെറിയ ജാള്യത്തോടെ പറഞ്ഞു.
 "നീ അങ്ങനല്ലല്ലോ എഴുതിയിരിക്കുന്നത്!" ഉഷ ടീച്ചറുടെ മുഖത്തു ചിരിയാണോ ദേഷ്യമാണോ എന്ന് എനിക്ക് മനസിലായില്ല. അപ്പൊ ഓമന ടീച്ചര്‍ അവിടേക്ക് വന്നു.
"എന്താ ഉഷേ?"
"ദാ... ഇവന്‍ എഴുതി വെച്ചിരിക്കുന്നത് കണ്ടോ ടീച്ചറെ? കുഞ്ഞുങ്ങളെ പ്രസവിക്കുകയും പാലൂട്ടി വളര്‍ത്തുകയും ചെയ്യുന്ന ജീവികള്‍ക്ക് ഇവന്‍ വിളിക്കുന്ന പേര് കേള്‍ക്കണോ? പെണ്ണുങ്ങള്‍ !"
ഓമന ടീച്ചര്‍ പൊട്ടിച്ചിരിച്ചു. എന്നിട്ട് എന്റെ തോളില്‍ ഒരടി, "നീ ആള് കൊള്ളാല്ലോടാ !
പിന്നെ പറയണോ... ആ സ്കൂളിലെ മുഴുവന്‍ ടീച്ചര്‍മാരും സംഭവം അറിഞ്ഞു എന്നെ കളിയാക്കി. പക്ഷെ അപ്പോഴൊന്നും അത് കളിയാക്കാന്‍ മാത്രം ഒരു അബദ്ധമാണെന്ന് എനിക്ക് തോന്നിയിട്ടില്ല, ഇപ്പോഴും തോന്നുന്നില്ല. മനുഷ്യന്‍ സസ്തനിയാണെന്നു ഇപ്പൊ എനിക്കറിയാം, ഞാന്‍ മനുഷ്യനാണെന്നും അറിയാം. പക്ഷെ എനിക്ക് കുഞ്ഞുങ്ങളെ പ്രസവിക്കാണോ പാലൂട്ടാണോ പറ്റുവോ? അപ്പൊ പിന്നെ ഞാന്‍ എഴുതിയതല്ലേ കൂടുതല്‍ ശരി?

Sunday, June 26, 2011

ഒരു Laugh Impulse

ഞാന്‍ പണ്ട് തിരോന്തരം മഹാരാജാസ് യൂണിവേഴ്സിറ്റി കോളേജില്‍ പഠിക്കുന്ന കാലം.
ഞങ്ങള്‍ 'വിദ്യാര്‍ത്തികള്‍' ചേര്‍ന്ന് ഒരു കിടിലന്‍ സയന്‍സ് എക്സിബിഷന്‍ സംഘടിപ്പിച്ചു. മഹത്തായ ഒരു പഴയകാലം അവകാശപ്പെടാനുള്ള എന്റെ കോളേജിലെ ആരും കണ്ടിട്ടില്ലാത്ത പല അപൂര്‍വ വസ്തുക്കളും ഞങ്ങള്‍ പൊടി തട്ടിയെടുത്ത് പ്രദര്‍ശനത്തിനു വെച്ചു. 'മൊത്തം പഴയ സാധനങ്ങളാടെയ്...' എന്ന് ദോഷൈകദൃക്കുകളെ  കൊണ്ട് പറയിക്കാതിരിക്കാന്‍ ഞങ്ങള്‍ തന്നെ തട്ടിക്കൂട്ടിയ ചില ഇലക്ട്രോണിക് തട്ടിപ്പുകളും ഇടയ്ക്കിടയ്ക്ക് നിരത്തിയിട്ടുണ്ട്. ഞങ്ങള്‍ പ്രതീക്ഷിച്ചതിനും അപ്പുറം നല്ല തിരക്കായിരുന്നു എക്സിബിഷന്‍  കാണാന്‍.
അങ്ങനെ സംഭവ ദിവസം Clap Switch എന്ന് ഞങ്ങള്‍ പേരിട്ടിരുന്ന ഒരു exhibit ന്റെ പിന്നില്‍ 'അവതാരകന്‍' ആയി  ഞാന്‍ നില്‍ക്കയാണ്‌. ഒരു കൊച്ചു വീടിന്റെ മോഡല്‍. അതിന്റെ മുന്‍പില്‍ നിന്ന് ഒന്ന് കൈകൊട്ടിയാല്‍ വീടിന്റെ ഉള്ളിലെ ബള്‍ബ് കത്തും, ഒന്ന് കൂടി കൈകൊട്ടിയാല്‍ അത് കെട്ടുപോകും. അതാണ്‌ ഐറ്റം. എക്സിബിഷന് വന്നത് കൂടുതലും പെണ്മണികള്‍ ആണെന്നതിനാല്‍ ക്ലാപ്പ് സ്വിച്ചിന്റെ അവതാരകന്‍ ആവാന്‍ എല്ലാവര്ക്കും താല്പര്യമായിരുന്നു. അവറ്റകള്‍ വരുന്നതും, നമ്മള്‍ ഈ 'മോസ്റ്റ്‌ മോഡേണ്‍ ഐറ്റം' demonstrate ചെയ്യുമ്പോള്‍ അത് കണ്ടു വാപൊളിച്ച് നമ്മളെ മജീഷ്യന്‍ മുതുകാടിനെ എന്ന പോലെ നോക്കിയിട്ട് പോകുന്നതും ഒരു സുഖമുള്ള ഇടപാടാണല്ലോ. 
ഞാനങ്ങനെ എക്സിബിഷന്റെ മുഖ്യ ശ്രദ്ധാ കേന്ദ്രമായി വിലസി നില്‍ക്കുമ്പോളാണ് അത് സംഭവിച്ചത്. സന്ദര്‍ശകരുടെ ഇടയില്‍ ഒരു ബുജി പ്രത്യക്ഷപ്പെട്ടു. വെളുത്ത് മെലിഞ്ഞു ഉയര്‍ന്ന ശരീരത്തില്‍ ചുവന്ന ടീ ഷര്‍ട്ടും കറുത്ത ജീന്‍സും വെച്ചു പൊതിഞ്ഞ ഒരു സാധനം! അത് വരെ മരമണ്ടിമാരായ കുറെ പെണ്‍ പിള്ളേരെ വാചക കസര്‍ത്തില്‍ വീഴ്ത്തി അഹങ്കാരത്തോടെ നിന്ന എന്റെ മുന്‍പില്‍ ഈ ബുജി ഒരു തരം പുച്ഹ ഭാവത്തോടെ വന്നു നിന്നു. ഞാന്‍ വെയിറ്റ് കളയാതെ എന്റെ Clap Switch അവതരിപ്പിച്ചു. ബുജിയുടെ മുഖത്ത് യാതൊരു അത്ഭുത ഭാവവും ഇല്ല. 'ഞാന്‍ ഇതൊക്കെ എത്ര കണ്ടതാ' എന്ന ഭാവം. എന്റെ അവതരണം കഴിഞ്ഞപ്പോള്‍ പുള്ളി ഒന്ന് രണ്ടു തവണ കൈ ഞൊടിച്ച് clap switch ഒന്ന് ടെസ്റ്റ്‌ ചെയ്തു. എന്നിട്ട് ഗൌരവത്തോടെ എന്നോട് ചോദിച്ചു, 
"ഇതിന്റെ principle ഒന്ന് explain ചെയ്യാമോ detail ആയിട്ട്?"
ചോദിച്ചത് അങ്ങനെ മാന്യമായിട്ടു ആണെങ്കിലും 'ഇതിന്റെ principle ഒന്ന്  detail ആയിട്ട് പറയെടാ , നിനക്കറിയാമോ എന്ന് ഞാനൊന്നു നോക്കട്ടെ'  എന്ന സ്വരമായിരുന്നു അതിനു. എന്റെ ഉള്ളൊന്നു കാളി എന്ന് പറഞ്ഞെ പറ്റു. തലേന്ന് രാത്രി വരെ എക്സിബിഷന്‍ ഒരുക്കങ്ങളില്‍ ബിസി ആയിരുന്നു  എന്ന മുട്ടുന്യായം വേണേല്‍ പറയാം, ഈ സാധനങ്ങളുടെ ഒന്നും പ്രവര്‍ത്തനത്തിന്റെ details ചോദിച്ചാല്‍ പറയാന്‍ എനിക്കത്ര പിടിത്തമൊന്നും ഇല്ലായിരുന്നു. എന്തായാലും പെട്ട് പോയില്ലേ, സകല ഇലക്ട്രോണിക് ദൈവങ്ങളെയും മനസ്സില്‍ ധ്യാനിച്ചു കൊണ്ട്  ഞാന്‍ ഒരു അലക്ക് അലക്കി,
"സര്‍ ഇതൊരു മൈക്രോഫോണ്‍ ആണ്. നമ്മള്‍ കൈകൊട്ടുമ്പോള്‍ ഇത് ആ ശബ്ദത്തെ electric signal ആയി convert ചെയ്യും. നമ്മള്‍ ഇതിന്റെ അകത്തു ഒരു flip flop circuit വെച്ചിട്ടുണ്ട്. അത് ഈ electric signal സ്വീകരിച്ചു തുടര്‍ച്ചയായി set-reset അവസ്ഥകളില്‍ മാറിക്കൊണ്ടിരിക്കും. ആദ്യത്തെ സൌണ്ട് പള്‍സ് കൊണ്ട് flip flop set ആയാല്‍ അടുത്ത sound pulse വരുമ്പോള്‍ അത് reset ആകും. അതിനനുസരിച് അതില്‍ connect ചെയ്തിരിക്കുന്ന ബള്‍ബ് കത്തുകയും കെടുകയും ചെയ്യും. അതാണ്‌ ഇതിന്റെ principle. "
ഞാന്‍ പറഞ്ഞു നിര്‍ത്തി പതിയെ കക്ഷിയുടെ മുഖത്തേക്ക് നോക്കി. തീരെ തൃപ്തി വന്നിട്ടില്ല. ഈ പണിക്ക് ഇറങ്ങെണ്ടിയിരുന്നില്ല എന്നുപോലും എനിക്ക് തോന്നി. ഞാന്‍ പറയുന്നതൊക്കെ കേട്ട് തല കുലുക്കി ഞാന്‍ കാണിക്കുന്നതൊക്കെ കണ്ടു വാ പൊളിച്ചു ചിരിച്ചു എന്നെ അഹങ്കാരിയാക്കി കടന്നു പോയ സകല പെണ്‍ പിള്ളേരെയും ഞാന്‍ പ്രാകി. എന്റെ അത്തിപ്പാറ അമ്മച്ചീ, ദാ എന്റെ മാനം കപ്പല്‍ കേറാന്‍ പോണു. 
അടുത്ത ചോദ്യശരം ഏറ്റു വാങ്ങി വീരമൃത്യു വരിക്കാന്‍ ഞാന്‍ തയാറെടുത്തു. 
"അപ്പൊ in case ഇതിനു മുന്‍പില്‍ നിന്നു ഒരാള്‍ സംസാരിച്ചാലോ? ഇത് എന്ത് ചെയും?"
മരണം വരെ വീറോടെ പൊരുതാന്‍ ഉറച്ച ഞാന്‍ അടുത്ത ഉത്തരം തുടങ്ങി,
"അത് പ്രശ്നമല്ല സര്‍ . ഇത് ഇമ്പള്‍സ് സിഗ്നലിനോട് മാത്രമേ പ്രതികരിക്കൂ. Continuous ആയ സിഗ്നലിനു ഫ്ലിപ്പ് ഫ്ലോപ്പിനെ സെറ്റ് ചെയ്യാനോ റീസെറ്റ് ചെയ്യാനോ കഴിയില്ല. ഈ circuit നമ്മുടെ ബെഡ് റൂമിലോ മറ്റോ ഫിറ്റ്‌ ചെയ്‌താല്‍ ഒന്ന് കൈകൊട്ടുന്നതിലൂടെ നമുക്ക് ലൈറ്റോ ഫാനോ ഒക്കെ ON ചെയ്യാനും OFF ചെയ്യാനും കഴിയും."
"അപ്പൊ നിങ്ങള്‍ പറയുന്നത് ഒരാള്‍ ബെഡ് റൂമില്‍  നിന്നു സംസാരിച്ചാല്‍ പ്രശ്നമൊന്നും ഉണ്ടാവില്ല എന്നാണു അല്ലെ?"
'ഒരെണ്ണം കൊണ്ട് ബെഡ് റൂമില്‍ വെച്ചു നോക്കെടാ അപ്പൊ അറിയാം' എന്നാണു പറയാന്‍ തോന്നിയതെങ്കിലും ഞാന്‍ അത്തിപ്പാറ അമ്മച്ചിയെ ഓര്‍ത്തുകൊണ്ട്‌ പറഞ്ഞു,
"ഇല്ല സര്‍, ഇത് ഇമ്പള്‍സ്  സൌണ്ടിനോട് മാത്രമേ പ്രതികരിക്കൂ. ഇമ്പള്‍സ്, അതാണ്‌ important."
ഒന്നിരുത്തി മൂളിയിട്ട് കക്ഷി എന്റെ Clap Switch -നെ തലങ്ങും വിലങ്ങും കണ്ണുകള്‍ കൊണ്ട് ഉഴിഞ്ഞു. എന്നിട്ട് വീണ്ടും എന്നെ നോക്കി. അടുത്ത ചോദ്യത്തില്‍ ഞാന്‍ വീഴുമെന്നു എനിക്കുറപ്പായിരുന്നു. അതാ വരുന്നു ആ ചോദ്യം,
"അപ്പൊ ഇത് നിങ്ങള്‍ separate വാങ്ങി വെക്കുന്നതാണോ? അതോ ഇതില്‍ തന്നെ ഉണ്ടോ?"
ചോദ്യം എനിക്ക് വ്യക്തമായില്ല. 
"എന്താ സര്‍?" ഞാന്‍ ഭവ്യതയോടെ ചോദിച്ചു.
"അല്ല നിങ്ങള്‍ പറഞ്ഞ ആ സാധനമില്ലേ, ഇംപ്ളസ്  അത് ഇതില്‍ തന്നെ ഉണ്ടോ അതോ separate വാങ്ങി വെക്കണോ എന്ന്"
ആ നിമിഷം അവന്റെ ചെകിടടച്ചു ഒരെണ്ണം ഇട്ടുകൊടുക്കാനാ എനിക്ക് തോന്നിയത്. അവന്റെ ഒരു ഇംപ്ളസ്! അവന്റെ മുന്നില്‍ ഞാന്‍ കാണിച്ച അനാവശ്യ മസില് പിടിത്തം ആലോചിക്കുമ്പോള്‍ ഇപ്പോഴും എനിക്ക് ചിരി വരാറുണ്ട്.

Wednesday, May 25, 2011

ജനപ്പെരുപ്പം < ദൈവപ്പെരുപ്പം !!

നമ്മുടെ നാട്ടില്‍ ഇപ്പൊ മനുഷ്യരേക്കാള്‍ കൂടുതല്‍ ദൈവങ്ങള്‍ ഉണ്ടെന്നാ തോന്നുന്നത്... മനുഷ്യന്‍ മതങ്ങളെയും ദൈവങ്ങളെയും സൃഷ്ടിച്ചു എന്ന് പണ്ട് 'നെപ്പോ-അളിയന്‍' പറഞ്ഞപ്പോളും, പിന്നീട് വര്‍ഷങ്ങള്‍ക്കു ശേഷം സഖാവ് വയലാര്‍ അത് കവിതാരൂപത്തില്‍ പാടിയപ്പോളുംഇത് ഇത്രയ്ക്കൊക്കെ പോകുമെന്ന് ഒരു മുരടന്‍ യുക്തിവാദിയും കരുതിയിട്ടുണ്ടാവില്ല. ദൈവങ്ങളുടെ കാര്യത്തില്‍ വലിയ ജനസന്ഖ്യാ വര്‍ധനവാണ് നാം കാണുന്നത്.

ഇതിപ്പോ, നമ്മുടെ സ്കൂള്‍ എക്സിബിഷനുകളില്‍ ഓരോ കുട്ടിയും ഓരോ സ്റ്റാള്‍ ഇട്ടു നില്ല്കും പോലെ നാട്ടില്‍ ഓരോ മുക്കിലും മൂലയിലും ഓരോ ദൈവങ്ങള്‍ സ്വന്തം അമ്പലവുമൊക്കെയായി അങ്ങനെ വാണരുളുകയാണ്! അമ്മമാര്‍ ആകുമ്പോള്‍ സോപ്പിടലില്‍ പെട്ടെന്ന് വീഴുമെന്ന മനശാസ്ത്ര ചിന്ത കാരണമാകണം (സ്ത്രീ സംവരണം എന്നാ രാഷ്ട്രിയ ചിന്ത കാരണമാകാന്‍ വഴിയില്ല), ദൈവങ്ങളില്‍ 'അമ്മമാര്‍' ആണ് കൂടുതല്‍. ഓരോ അമ്മയ്ക്കും സ്വന്തമായി ഉത്സവ കമ്മിറ്റികള്‍, വാര്‍ഷിക 'ദേശീയ ഉത്സവങ്ങള്‍', പൊങ്കാല മഹോത്സവങ്ങള്‍, മണ്ഡല വിളക്കുകള്‍... അങ്ങനെ ഭക്തിരസം അങ്ങനെ ഒഴുകുകയാണ്. ഓരോ അമ്മയുടെയും കമ്മിറ്റി അനൌണ്സ് ചെയ്യുന്നത് അവരുടെ അമ്മയാണ് ആ നാട്ടിലെ സര്‍വ ഐശ്വര്യങ്ങളുടെയും കാരണം എന്നാണു. ഇതിനെ കുറിച്ച ഒരു ജുഡീഷ്യല്‍ അന്വേഷണം സാധ്യമല്ല എന്നതിനാല്‍ 'ഐശ്വര്യപ്രദാനം ഗോമ്പട്ടീഷനില്‍' ഒരു മാര്‍ക്കിടല്‍ അസാധ്യം. സംഗതി എന്തായാലും ഈ ഭക്തി നല്ല മാര്‍ക്കറ്റ് വാല്യൂ ഉള്ള സാധനം ആണെന്നാണ് ഇതൊക്കെ തെളിയിക്കുന്നത്. എന്തായാലും ഓരോ മനുഷ്യനും എന്തെങ്കിലുമൊക്കെ കന്നംതിരിവുകള്‍ കാണിക്കുന്നുണ്ട്. ഇതൊക്കെ കണ്ടു കൊണ്ട് 'മുകളില്‍' ഒരാള്‍ ഇരിക്കുന്നുണ്ട് എന്ന് പറഞ്ഞു ഒന്ന് വിരട്ടിയാല്‍ ഈ മുകളില്‍ ഇരിക്കുന്ന ആളിന്റെ പേരും പറഞ്ഞു ജീവിക്കുന്ന കുറെ ആളുകള്‍ക്ക് പിന്നെ കോളല്ലേ!
അമ്പലങ്ങളുടെ എണ്ണത്തില്‍ ഇത്രയും വര്‍ധനവ്‌ ഉണ്ടായതും, ഓരോ ദൈവവും ഈ പറയുന്ന പോലെ നാടിന്റെ ഐശ്വര്യത്തില്‍ 'അവരവരുടെ ഷെയര്‍ ഇടുന്നതും' ഒരുമിച്ച് കൂടിയാല്‍ നമ്മുടെ നാട് ഒരുപാട് അങ്ങ് പുരോഗമിക്കെണ്ടതാണല്ലോ.
ദൈവസേവയും അനുബന്ധ ബിസിനസ്സുകളും തൊഴിലില്ലായ്മയ്ക്ക് ഒരു പരിഹാരമാണ് എന്ന് പറയാതെ വയ്യ. ഒരുപാട് പേര്‍ ഇതൊക്കെ കൊണ്ട് ജീവിക്കുന്നുണ്ട്. അതല്ലേ, പണ്ടെങ്ങാണ്ട്  വീട് പണിയാന്‍ പാറ ഇറക്കിയിട്ട്‌ അധികം വന്ന കല്ലിനെയൊക്കെ പുനപ്രതിഷ്ഠ എന്ന സംസ്കൃത പേരിട്ടു ചില നമ്പരുകളൊക്കെ കാണിച്ചു ദൈവമാക്കി അവിടെ ഒരു കിടിലന്‍ അമ്പലമൊക്കെ പണിഞ്ഞു നമ്മള്‍ വലിയ ഭക്തന്മാരാനെന്നു നാം മേനി പറയുന്നത്. എന്നിട്ട് അതെ നമ്മള്‍ അവിടെ കൊണ്ട് പൈസയിട്ടാല്‍ ഉദ്ദിഷ്ട കാര്യം നടക്കും എന്ന് പറഞ്ഞു, ആ ദൈവത്തെ തന്നെ കൈക്കൂലി വാങ്ങുന്ന ഒരു സര്‍ക്കാര്‍ ഉദ്യോഗസ്തനോളം ചെറുതാക്കി അപമാനിക്കുന്നു...
പോട്ടെ, പറഞ്ഞിട്ട് കാര്യമില്ല.
(പിന്‍കുറിപ്പ്: ലേഖകന്‍ നിരീശ്വരവാദി അല്ല)

Tuesday, January 11, 2011

ഗുരുവായൂരപ്പന്‍ ചാണകം ചുമക്കുമ്പോള്‍

തലക്കെട്ട്‌ കണ്ട് എനിക്കെതിരെ ചാട്ടവാര്‍ എടുക്കുന്ന കൃഷ്ണഭക്തര്‍ ഒരു നിമിഷമൊന്നു നില്‍ക്കണേ! ഇന്നലെ റോഡില്‍ ഞാന്‍ കണ്ട ഒരു കാഴ്ച മാത്രമാണത്. ഗുരുവായൂരപ്പന്‍ പിന്നില്‍ ഒരു ലോഡ് ചാണകവും വഹിച്ച് 60 കി.മി. സ്പീഡില്‍ പാഞ്ഞു പോകുന്നു. തല്ലാന്‍ ആഗ്രഹിക്കുന്നവര്‍ ലോറിക്ക്  ആ പേരിട്ട ആളിനെ തേടിപ്പോകുക. ഇത് മാത്രമല്ല ഡ്രൈവിംഗ് പഠിപ്പിക്കുന്ന ഭദ്രകാളിയെയും യേശുവിനെയും തെരുവ് നായ്ക്കളെ പിടിച്ചുകൊണ്ടു പോകുന്ന ശബരിമല അയ്യപ്പനെയും പാലുകൊണ്ട് വരുന്ന ഹനുമാന്‍ സ്വാമിയെയും ചാരായം കയറ്റിപ്പോകുന്ന ചക്കുലത്തമ്മയെയും രണ്ട് പാവം ബൈക്ക് യാത്രക്കാരെ ചതച്ചു കൊന്നിട്ട് പാഞ്ഞു പോയ പഴനിമല മുരുകനെയും....അങ്ങനെ അങ്ങനെ ഒരുപാട് ദൈവങ്ങളെ ഞാന്‍ റോഡില്‍ വച്ചു കണ്ടിട്ടുണ്ട്. ഒരു പാവം പരദൂഷണക്കാരന്‍ ഇത് പറഞ്ഞാല്‍ അവന്‍ ഈശ്വര നിഷേധിയും റോഡില്‍ നെകളിപ്പ് കാണിക്കാനും ചാരായം കടത്താനും ഈശ്വരനെ കൂട്ടുപിടിക്കുന്നവര്‍ പരമ ഭക്തരും! കഷ്ടം തന്നണ്ണാ, കഷ്ടം തന്ന.

Monday, January 10, 2011

സംസ്കാരവും സംസ്കാരമില്ലായ്മയും

 നമ്മള്‍ മറ്റുള്ളവരെ കുറ്റം പറയാന്‍ തലങ്ങും വിലങ്ങും എടുത്തു പയറ്റുന്ന വാക്കാണ്‌ 'സംസ്കാരം'. സത്യത്തില്‍ എന്താണ് സംസ്കാരം? ഉത്തരം പറയാന്‍ എനിക്കറിയില്ല. മറ്റുള്ളവര്‍ക്ക് ഇഷ്ടക്കേടുണ്ടാകാതെ നല്ല 'പാളീഷ്' ചെയ്ത രീതിയില്‍ പെരുമാറുന്നതാണോ സംസ്കാരം? അപ്പൊ ഉള്ളില്‍ എന്ത് വൃത്തികേടും ആകാം എന്നര്‍ത്ഥമുണ്ടോ? ഈ പരദൂഷനക്കാരന്റെ കണ്ണില്‍ നമ്മള്‍ സംസ്കാരമില്ലായ്മ എന്ന് വിളിക്കുന്നത് എല്ലാം 'സംസ്കാരമില്ലായ്മ' എന്ന്‍ വിളിക്കേണ്ടവയല്ല.  ഉദാഹരണത്തിന് വയനാട്ടില്‍ നിന്നും ഒരു ആദിവാസി അമ്മച്ചിയെ തിരോന്തരം താജ് ഹോട്ടലില്‍ കൊണ്ടുവന്നു ബുഫ്ഫെയില്‍ പങ്കെടുപ്പിച്ചാല്‍ എങ്ങനെയിരിക്കും? അവരുടെ അവിടത്തെ പെരുമാറ്റത്തെ അവിടത്തെ 'കൂടിയ അമ്മച്ചിമാര്‍' സംസ്കാരമില്ലായ്മ എന്ന് വിളിച്ചേക്കാം. പക്ഷെ അത് 'സംസ്കാരമില്ലായ്മ' ആവില്ല, മറിച്ച് അത് 'അവരുടെ സംസ്കാരം' ആയിരിക്കും. സംസ്കാരം എന്ന വാക്കിനു 'എക്സ്പോര്‍ട്ട് ക്വാളിറ്റി', 'ലോക്കല്‍ ക്വാളിറ്റി' എന്നീ വ്യത്യാസങ്ങള്‍ ഒന്നുമില്ല. ഒരു സംസ്കാരവും മറ്റൊന്നിനു മുകളില്‍ അല്ല. എന്റെ കണ്ണില്‍ ആണെങ്കില്‍  ഇവിടത്തെ പല സാറന്മാരും നല്ല സംസ്കാരം എന്ന് വിശേഷിപ്പിക്കുന്ന 'ഇമ്പോര്‍ട്ടട്  സാംസ്കാരിക പ്രദര്‍ശന ഉപാധികള്‍‍' കാണുമ്പോള്‍ സംസ്കാരമില്ലായ്മ ആയിട്ടാണ് തോന്നുന്നത്. പിന്നെ ദേഷ്യം വരുമ്പോള്‍ വിളിച്ചു പറയാം 'സംസ്കാരമില്ലാത്തവന്‍' എന്നൊക്കെ. അര്‍ഥം എന്തായാലും ഉദ്ദേശ്യം നടന്നാല്‍ പോരെ?
 

Sample text

Sample Text

Sample Text

 
Blogger Templates