Pages

Download

Search This Blog

Wednesday, May 25, 2011

ജനപ്പെരുപ്പം < ദൈവപ്പെരുപ്പം !!

നമ്മുടെ നാട്ടില്‍ ഇപ്പൊ മനുഷ്യരേക്കാള്‍ കൂടുതല്‍ ദൈവങ്ങള്‍ ഉണ്ടെന്നാ തോന്നുന്നത്... മനുഷ്യന്‍ മതങ്ങളെയും ദൈവങ്ങളെയും സൃഷ്ടിച്ചു എന്ന് പണ്ട് 'നെപ്പോ-അളിയന്‍' പറഞ്ഞപ്പോളും, പിന്നീട് വര്‍ഷങ്ങള്‍ക്കു ശേഷം സഖാവ് വയലാര്‍ അത് കവിതാരൂപത്തില്‍ പാടിയപ്പോളുംഇത് ഇത്രയ്ക്കൊക്കെ പോകുമെന്ന് ഒരു മുരടന്‍ യുക്തിവാദിയും കരുതിയിട്ടുണ്ടാവില്ല. ദൈവങ്ങളുടെ കാര്യത്തില്‍ വലിയ ജനസന്ഖ്യാ വര്‍ധനവാണ് നാം കാണുന്നത്.

ഇതിപ്പോ, നമ്മുടെ സ്കൂള്‍ എക്സിബിഷനുകളില്‍ ഓരോ കുട്ടിയും ഓരോ സ്റ്റാള്‍ ഇട്ടു നില്ല്കും പോലെ നാട്ടില്‍ ഓരോ മുക്കിലും മൂലയിലും ഓരോ ദൈവങ്ങള്‍ സ്വന്തം അമ്പലവുമൊക്കെയായി അങ്ങനെ വാണരുളുകയാണ്! അമ്മമാര്‍ ആകുമ്പോള്‍ സോപ്പിടലില്‍ പെട്ടെന്ന് വീഴുമെന്ന മനശാസ്ത്ര ചിന്ത കാരണമാകണം (സ്ത്രീ സംവരണം എന്നാ രാഷ്ട്രിയ ചിന്ത കാരണമാകാന്‍ വഴിയില്ല), ദൈവങ്ങളില്‍ 'അമ്മമാര്‍' ആണ് കൂടുതല്‍. ഓരോ അമ്മയ്ക്കും സ്വന്തമായി ഉത്സവ കമ്മിറ്റികള്‍, വാര്‍ഷിക 'ദേശീയ ഉത്സവങ്ങള്‍', പൊങ്കാല മഹോത്സവങ്ങള്‍, മണ്ഡല വിളക്കുകള്‍... അങ്ങനെ ഭക്തിരസം അങ്ങനെ ഒഴുകുകയാണ്. ഓരോ അമ്മയുടെയും കമ്മിറ്റി അനൌണ്സ് ചെയ്യുന്നത് അവരുടെ അമ്മയാണ് ആ നാട്ടിലെ സര്‍വ ഐശ്വര്യങ്ങളുടെയും കാരണം എന്നാണു. ഇതിനെ കുറിച്ച ഒരു ജുഡീഷ്യല്‍ അന്വേഷണം സാധ്യമല്ല എന്നതിനാല്‍ 'ഐശ്വര്യപ്രദാനം ഗോമ്പട്ടീഷനില്‍' ഒരു മാര്‍ക്കിടല്‍ അസാധ്യം. സംഗതി എന്തായാലും ഈ ഭക്തി നല്ല മാര്‍ക്കറ്റ് വാല്യൂ ഉള്ള സാധനം ആണെന്നാണ് ഇതൊക്കെ തെളിയിക്കുന്നത്. എന്തായാലും ഓരോ മനുഷ്യനും എന്തെങ്കിലുമൊക്കെ കന്നംതിരിവുകള്‍ കാണിക്കുന്നുണ്ട്. ഇതൊക്കെ കണ്ടു കൊണ്ട് 'മുകളില്‍' ഒരാള്‍ ഇരിക്കുന്നുണ്ട് എന്ന് പറഞ്ഞു ഒന്ന് വിരട്ടിയാല്‍ ഈ മുകളില്‍ ഇരിക്കുന്ന ആളിന്റെ പേരും പറഞ്ഞു ജീവിക്കുന്ന കുറെ ആളുകള്‍ക്ക് പിന്നെ കോളല്ലേ!
അമ്പലങ്ങളുടെ എണ്ണത്തില്‍ ഇത്രയും വര്‍ധനവ്‌ ഉണ്ടായതും, ഓരോ ദൈവവും ഈ പറയുന്ന പോലെ നാടിന്റെ ഐശ്വര്യത്തില്‍ 'അവരവരുടെ ഷെയര്‍ ഇടുന്നതും' ഒരുമിച്ച് കൂടിയാല്‍ നമ്മുടെ നാട് ഒരുപാട് അങ്ങ് പുരോഗമിക്കെണ്ടതാണല്ലോ.
ദൈവസേവയും അനുബന്ധ ബിസിനസ്സുകളും തൊഴിലില്ലായ്മയ്ക്ക് ഒരു പരിഹാരമാണ് എന്ന് പറയാതെ വയ്യ. ഒരുപാട് പേര്‍ ഇതൊക്കെ കൊണ്ട് ജീവിക്കുന്നുണ്ട്. അതല്ലേ, പണ്ടെങ്ങാണ്ട്  വീട് പണിയാന്‍ പാറ ഇറക്കിയിട്ട്‌ അധികം വന്ന കല്ലിനെയൊക്കെ പുനപ്രതിഷ്ഠ എന്ന സംസ്കൃത പേരിട്ടു ചില നമ്പരുകളൊക്കെ കാണിച്ചു ദൈവമാക്കി അവിടെ ഒരു കിടിലന്‍ അമ്പലമൊക്കെ പണിഞ്ഞു നമ്മള്‍ വലിയ ഭക്തന്മാരാനെന്നു നാം മേനി പറയുന്നത്. എന്നിട്ട് അതെ നമ്മള്‍ അവിടെ കൊണ്ട് പൈസയിട്ടാല്‍ ഉദ്ദിഷ്ട കാര്യം നടക്കും എന്ന് പറഞ്ഞു, ആ ദൈവത്തെ തന്നെ കൈക്കൂലി വാങ്ങുന്ന ഒരു സര്‍ക്കാര്‍ ഉദ്യോഗസ്തനോളം ചെറുതാക്കി അപമാനിക്കുന്നു...
പോട്ടെ, പറഞ്ഞിട്ട് കാര്യമില്ല.
(പിന്‍കുറിപ്പ്: ലേഖകന്‍ നിരീശ്വരവാദി അല്ല)

Tuesday, January 11, 2011

ഗുരുവായൂരപ്പന്‍ ചാണകം ചുമക്കുമ്പോള്‍

തലക്കെട്ട്‌ കണ്ട് എനിക്കെതിരെ ചാട്ടവാര്‍ എടുക്കുന്ന കൃഷ്ണഭക്തര്‍ ഒരു നിമിഷമൊന്നു നില്‍ക്കണേ! ഇന്നലെ റോഡില്‍ ഞാന്‍ കണ്ട ഒരു കാഴ്ച മാത്രമാണത്. ഗുരുവായൂരപ്പന്‍ പിന്നില്‍ ഒരു ലോഡ് ചാണകവും വഹിച്ച് 60 കി.മി. സ്പീഡില്‍ പാഞ്ഞു പോകുന്നു. തല്ലാന്‍ ആഗ്രഹിക്കുന്നവര്‍ ലോറിക്ക്  ആ പേരിട്ട ആളിനെ തേടിപ്പോകുക. ഇത് മാത്രമല്ല ഡ്രൈവിംഗ് പഠിപ്പിക്കുന്ന ഭദ്രകാളിയെയും യേശുവിനെയും തെരുവ് നായ്ക്കളെ പിടിച്ചുകൊണ്ടു പോകുന്ന ശബരിമല അയ്യപ്പനെയും പാലുകൊണ്ട് വരുന്ന ഹനുമാന്‍ സ്വാമിയെയും ചാരായം കയറ്റിപ്പോകുന്ന ചക്കുലത്തമ്മയെയും രണ്ട് പാവം ബൈക്ക് യാത്രക്കാരെ ചതച്ചു കൊന്നിട്ട് പാഞ്ഞു പോയ പഴനിമല മുരുകനെയും....അങ്ങനെ അങ്ങനെ ഒരുപാട് ദൈവങ്ങളെ ഞാന്‍ റോഡില്‍ വച്ചു കണ്ടിട്ടുണ്ട്. ഒരു പാവം പരദൂഷണക്കാരന്‍ ഇത് പറഞ്ഞാല്‍ അവന്‍ ഈശ്വര നിഷേധിയും റോഡില്‍ നെകളിപ്പ് കാണിക്കാനും ചാരായം കടത്താനും ഈശ്വരനെ കൂട്ടുപിടിക്കുന്നവര്‍ പരമ ഭക്തരും! കഷ്ടം തന്നണ്ണാ, കഷ്ടം തന്ന.

Monday, January 10, 2011

സംസ്കാരവും സംസ്കാരമില്ലായ്മയും

 നമ്മള്‍ മറ്റുള്ളവരെ കുറ്റം പറയാന്‍ തലങ്ങും വിലങ്ങും എടുത്തു പയറ്റുന്ന വാക്കാണ്‌ 'സംസ്കാരം'. സത്യത്തില്‍ എന്താണ് സംസ്കാരം? ഉത്തരം പറയാന്‍ എനിക്കറിയില്ല. മറ്റുള്ളവര്‍ക്ക് ഇഷ്ടക്കേടുണ്ടാകാതെ നല്ല 'പാളീഷ്' ചെയ്ത രീതിയില്‍ പെരുമാറുന്നതാണോ സംസ്കാരം? അപ്പൊ ഉള്ളില്‍ എന്ത് വൃത്തികേടും ആകാം എന്നര്‍ത്ഥമുണ്ടോ? ഈ പരദൂഷനക്കാരന്റെ കണ്ണില്‍ നമ്മള്‍ സംസ്കാരമില്ലായ്മ എന്ന് വിളിക്കുന്നത് എല്ലാം 'സംസ്കാരമില്ലായ്മ' എന്ന്‍ വിളിക്കേണ്ടവയല്ല.  ഉദാഹരണത്തിന് വയനാട്ടില്‍ നിന്നും ഒരു ആദിവാസി അമ്മച്ചിയെ തിരോന്തരം താജ് ഹോട്ടലില്‍ കൊണ്ടുവന്നു ബുഫ്ഫെയില്‍ പങ്കെടുപ്പിച്ചാല്‍ എങ്ങനെയിരിക്കും? അവരുടെ അവിടത്തെ പെരുമാറ്റത്തെ അവിടത്തെ 'കൂടിയ അമ്മച്ചിമാര്‍' സംസ്കാരമില്ലായ്മ എന്ന് വിളിച്ചേക്കാം. പക്ഷെ അത് 'സംസ്കാരമില്ലായ്മ' ആവില്ല, മറിച്ച് അത് 'അവരുടെ സംസ്കാരം' ആയിരിക്കും. സംസ്കാരം എന്ന വാക്കിനു 'എക്സ്പോര്‍ട്ട് ക്വാളിറ്റി', 'ലോക്കല്‍ ക്വാളിറ്റി' എന്നീ വ്യത്യാസങ്ങള്‍ ഒന്നുമില്ല. ഒരു സംസ്കാരവും മറ്റൊന്നിനു മുകളില്‍ അല്ല. എന്റെ കണ്ണില്‍ ആണെങ്കില്‍  ഇവിടത്തെ പല സാറന്മാരും നല്ല സംസ്കാരം എന്ന് വിശേഷിപ്പിക്കുന്ന 'ഇമ്പോര്‍ട്ടട്  സാംസ്കാരിക പ്രദര്‍ശന ഉപാധികള്‍‍' കാണുമ്പോള്‍ സംസ്കാരമില്ലായ്മ ആയിട്ടാണ് തോന്നുന്നത്. പിന്നെ ദേഷ്യം വരുമ്പോള്‍ വിളിച്ചു പറയാം 'സംസ്കാരമില്ലാത്തവന്‍' എന്നൊക്കെ. അര്‍ഥം എന്തായാലും ഉദ്ദേശ്യം നടന്നാല്‍ പോരെ?

Monday, December 20, 2010

നാണമില്ലായ്മ എന്ന സുഖം

ലോകത്ത് അല്ലലില്ലാതെ ജീവിക്കാന്‍ വേണ്ട ഒരേ ഒരു ഗുണം എന്താന്ന് ചോദിച്ചാല്‍ ഞാന്‍ പറയും അത് നാണമില്ലായ്മ ആണെന്ന്. ഒന്ന് ആലോചിച്ചു നോക്കൂ, എനിക്ക് അഭിമാനം, നാണം, മാനം ഇങ്ങനെ പറയാന്‍ ഒന്നും സ്വന്തമായി ഇല്ല എന്നിരിക്കട്ടെ. ഞാന്‍ രാവിലെ ഉണര്‍ന്നാല്‍ എനിക്ക് ആരെയെങ്കിലും കുറ്റി വച്ച് ആഹാരം കഴിക്കാം, അത് കഴിഞ്ഞാല്‍ വേറെ പണി ഒന്നും എടുക്കേണ്ട കാര്യമില്ല, റോഡരികില്‍ വായിനോക്കി നില്‍ക്കാം, ഉച്ചയാകുമ്പോള്‍ വേണമെങ്കില്‍ ഏതെങ്കിലും ഹോട്ടലില്‍ കേറി തിന്നിട്ടു കാശില്ല എന്ന് പറയാം , അവര്‍ തല്ലാന്‍ പിടിച്ചാല്‍ വെള്ളം കോരിക്കൊടുക്കാം, ചീത്ത വിളികേള്‍ക്കാം, ചീത്ത പറയാം, ആരെയും എന്തും പറയാം, ആരില്‍ നിന്നും എന്തും കേള്‍ക്കാം, എവിടെയും എപ്പൊഴും കിടന്നുറങ്ങാം, എവിടെയും പോകാം, ബസില്‍ കയറി ടിക്കറ്റ്‌ ഇല്ലാതെ ഇറക്കിവിട്ടാല്‍ അവിടന്ന് അടുത്ത ബസില്‍, അതില്‍നിന്നും ഇറക്കിവിടുമ്പോള്‍ അടുത്തതില്‍, നാണമില്ലാത്ത കാലത്തോളം ഇതിനൊന്നും യാതൊരു പ്രശ്നവും ഇല്ല...നാണം മാത്രമാണ് എല്ലാ സുഖങ്ങള്‍ക്കും തടസ്സം!

Sunday, December 5, 2010

സഹനസമരം

പണ്ട് സ്കൂളില്‍ അറുബോറന്‍ ഹിസ്റ്ററി ക്ലാസ്സില്‍ കേട്ട വാക്കാണ്‌ 'സഹനസമരം'. അന്ന്‍ ഈ സംഗതി എന്താന്നു ശരിക്ക് പിടികിട്ടിയിരുന്നില്ല. പിന്നീട് കോളേജ് പഠനം എന്ന മഹത്തായ കര്‍മത്തിന് വേണ്ടി നഗരത്തില്‍ വന്നുപോയി തുടങ്ങിയപ്പോഴാണ് ഈ സാധനം ഞാന്‍ നേരില്‍ കാണുന്നത്. നമ്മുടെ നാട്ടിലെ മഹാ പ്രസ്ഥാനങ്ങളുടെ കാര്യത്തില്‍ നമ്മുടെ ഭരണസിരാകേന്ദ്രം എന്ന് അവിടുള്ളവര്‍ വിശേഷിപ്പിക്കുന്ന സെക്രട്ടെരിയറ്റ് പടിക്കല്‍ ഒരു കിടിലന്‍ ശാമിയാന പന്തലൊക്കെ ഇട്ടു, നല്ല പതുപതുപ്പന്‍ കസേരകള്‍ നിരത്തി, പല തരം (കറങ്ങുന്നതും തിരിയുന്നതുമൊക്കെയായ) ഫാനുകളൊക്കെ വച്ച് അലങ്കരിച്ച് മിനറല്‍ വാട്ടര്‍, വായിക്കാനുള്ള മാഗസീനുകള്‍ അങ്ങനെ സകല സംവിധാനങ്ങളും ഒരുക്കി നടത്തുന്ന ഒരു വലിയ 'ത്യാഗം' തന്നെയാണ് ഈ സമരം. പത്രക്കാരും ചാനലുകാരും പോകുന്നത് വരെ മുദ്രാവാക്യം വിളിക്കണം. അത് കഴിഞ്ഞാല്‍ പരദൂഷണമോ വായിനോട്ടമോ ആവാം.(നഗര ഹൃദയമാകയാല്‍ ഗജരാജവിരാജിത മന്ദഗതിക്കാരായ ലലനാമണികള്‍ സുലഭമായി കാണപ്പെടും, വെറുതെ കണ്ണുകള്‍ ഫ്രീ ആക്കി അവനവന്റെ കസേരയില്‍ ഇരുന്നാല്‍ മാത്രം മതി). കാല്‍ നടക്കാരന്റെ ഭരണഘടനാപരമായ അവകാശമെന്നും പറഞ്ഞു ഫുട് പാത്ത് ചോദിച്ചു ചെന്നാല്‍ ശബ്ദതാരാവലിയില്‍ ഇല്ലാത്ത കുറെ വാക്കുകള്‍ പഠിക്കാന്‍ പൊതുജനത്തിന്  കഴിയും. വീട്ടില്‍ നിന്നും പെണ്ണുമ്പിള്ള വിളിച്ചാല്‍ "എടീ, ഞാന്‍ സമരമുഖത്താണ്, പിന്നീട് വിളിക്കാം" എന്ന് പറഞ്ഞാല്‍ മതി ആ പാവം ഒരു വലിയ നേതാവിന്റെ ഭാര്യയാവാന്‍ കഴിഞ്ഞ നിര്‍വൃതിയില്‍ ഫോണ്‍ കട്ട്‌ ചെയ്തോളും. ഇങ്ങനെ കുറെ പേര്‍ സര്‍വകലാശാല പരിസരത്ത്‌ പട്ടി പെറ്റു കിടക്കും പോലെ അട്ടിയിട്ടു കിടന്നത് കൊണ്ട് ഇന്നുവരെ ഇവിടെ എന്തെങ്കിലും പ്രശ്നം പരിഹരിക്കപ്പെട്ടിട്ടുണ്ടോ? ഒരു പാവം പരദൂഷണക്കാരന്റെ സംശയമാണേ...

Sunday, November 21, 2010

രാജവീഥിയിലെ കുഴിയലങ്കാരങ്ങള്‍

കേരളത്തിലെ ഒരു ശരാശരി മലയാളിയ്ക്ക് കുഴിയില്ലാത്ത ഒരു റോഡ്‌ സങ്കല്‍പ്പിക്കാന്‍ പറ്റുമോ? സത്യം പറഞ്ഞാല്‍ എനിക്ക് പറ്റുന്നില്ല. മനുഷ്യന്റെ 'ഇമാജിനേഷന്‍' അഥവാ 'ഭാവന' എന്ന സംഗതിക്ക് ഒരു പ്രത്യേകത ഉള്ളതായി കേട്ടിട്ടുണ്ട്, അത് എന്തെങ്കിലും സങ്കല്‍പ്പിച്ചാല്‍ അതിന്റെ ഏറ്റവും നല്ല രൂപത്തിലായിരിക്കും സങ്കല്‍പ്പിക്കുക. ഉദാഹരണത്തിന് ഒരു ആപ്പിള്‍ സങ്കല്‍പ്പിച്ചാല്‍ 'നല്ല ചെമല കളര്‍ ഒള്ള ഒരു ഇത്തിരി പോലും കേടു പറ്റാത്ത പെര്‍ഫെക്റ്റ്‌ ഷേപ്പ് ഉള്ള' ഒരു ആപ്പിള്‍ ആയിരിക്കും നമ്മുടെ മനസ്സില്‍ വരുന്നത്. പക്ഷെ ഒരു റോഡ്‌ സങ്കല്‍പ്പിക്കാന്‍ പറഞ്ഞാല്‍ ഒരു മലയാളിയുടെ മനസ്സില്‍ ഒരുപാട് കുഴിയുള്ള, അതില്‍ നെറയെ ചെളിവെള്ളം കെട്ടിനില്‍ക്കുന്ന, സൈഡില്‍ ചെളിക്കുണ്ടും കേബിള്‍ കുഴിയും ഒക്കെ ഉള്ള 'സംഭവബഹുലമായ' ഒരു റോഡ്‌ ആയിരിക്കും പ്രത്യക്ഷപ്പെടുക. അതാണ്‌ റോഡുകളെ കുറിച്ചുള്ള നമ്മുടെ ഇന്നത്തെ സൌന്ദര്യ സങ്കല്പം. പിന്നെ വേറൊരു കാര്യമുണ്ട്; കുഴികളെ റോഡിന്‍റെ ഒരു ഭാഗമായി കാണുകയാണെങ്കില്‍ കുഴിയുടെ വികസനം റോഡുകളുടെ വികസനം ആയി കരുതിക്കൂടെ? അപ്പൊ പിന്നെ കേരളത്തില്‍ റോഡ്‌ വികസനം ഇല്ല എന്ന് പറയുന്ന വികസനവാദികളെ പിടിച്ച് പൂട്ടിയിടണ്ടേ?

Wednesday, October 20, 2010

വാളുകള്‍ വരുന്ന പുതിയ വഴികള്‍

നമ്മുടെ ട്രാന്‍സ് പോര്‍ട്ട്‌ ബസ്സുകളില്‍ രണ്ട് വാതിലുകള്‍ ഉള്ളവയില്‍ എല്ലാം സ്ത്രീ ജനങ്ങളുടെ സീറ്റുകള്‍ മുന്‍ ഭാഗത്തേക്ക് മാറ്റിയത് ശ്രദ്ധിച്ചു കാണുമല്ലോ. സ്ഥിരം യാത്ര ചെയ്യുന്നവനും കെ.എസ്.ആര്‍.ടി.സി.യുടെ ആരാധകനുമായ ഈയുള്ളവന് ഇത് ചില്ലറ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. വേറൊന്നുമല്ല, 'വാളുകളുടെ' വരവാണ് പ്രശ്നം. സ്ത്രീകളും അവരുടെ കൈയിലിരിക്കുന്ന ഭാവിപൌരന്മാരും പൌരികളും ആണല്ലോ വാളുകളുടെ പ്രധാന ഡീലര്‍മാര്‍! പണ്ടൊക്കെ ഇവര്‍ എന്റെ പിന്നില്‍ ഇരുന്നു വാളുകള്‍ പിന്നിലേക്ക് വീശുകയായിരുന്നു പതിവ്. ഇപ്പൊ സംഗതി മാറി. എന്നെ സംബന്ധിച്ച് ഇപ്പൊ വാളുകള്‍ നേരെ മുന്നില്‍ നിന്നും മുഖതാവിലെക്ക് തന്നെയാണ് വരവ്. രാവിലെ ഒരുങ്ങിക്കെട്ടി കയറി സൈഡ് സീറ്റില്‍ ഞെളിഞ്ഞ് ഇരുന്നു വരുമ്പോള്‍ അപ്രതീക്ഷിതമായി വരുന്ന വാളുകള്‍ കുറെയേറെ ഞാന്‍ വാങ്ങിക്കൂട്ടിയിട്ടുണ്ട് ഇതിനകം. പരദൂഷണം ആകുമ്പോള്‍ ഇതുകൂടി പറയാം,"ഇവര്‍ക്കൊക്കെ വല്ല പ്ലാസ്റ്റിക്‌ ബാഗോ മറ്റോ കൊണ്ട് കയറിക്കൂടെ,വെറുതെ മറ്റുള്ളവര്‍ക്ക് പണിയുണ്ടാക്കാതെ!"
 

Sample text

Sample Text

Sample Text

 
Blogger Templates