Pages

Download

Follow by Email

Search This Blog

Sunday, June 26, 2011

ഒരു Laugh Impulse

ഞാന്‍ പണ്ട് തിരോന്തരം മഹാരാജാസ് യൂണിവേഴ്സിറ്റി കോളേജില്‍ പഠിക്കുന്ന കാലം.
ഞങ്ങള്‍ 'വിദ്യാര്‍ത്തികള്‍' ചേര്‍ന്ന് ഒരു കിടിലന്‍ സയന്‍സ് എക്സിബിഷന്‍ സംഘടിപ്പിച്ചു. മഹത്തായ ഒരു പഴയകാലം അവകാശപ്പെടാനുള്ള എന്റെ കോളേജിലെ ആരും കണ്ടിട്ടില്ലാത്ത പല അപൂര്‍വ വസ്തുക്കളും ഞങ്ങള്‍ പൊടി തട്ടിയെടുത്ത് പ്രദര്‍ശനത്തിനു വെച്ചു. 'മൊത്തം പഴയ സാധനങ്ങളാടെയ്...' എന്ന് ദോഷൈകദൃക്കുകളെ  കൊണ്ട് പറയിക്കാതിരിക്കാന്‍ ഞങ്ങള്‍ തന്നെ തട്ടിക്കൂട്ടിയ ചില ഇലക്ട്രോണിക് തട്ടിപ്പുകളും ഇടയ്ക്കിടയ്ക്ക് നിരത്തിയിട്ടുണ്ട്. ഞങ്ങള്‍ പ്രതീക്ഷിച്ചതിനും അപ്പുറം നല്ല തിരക്കായിരുന്നു എക്സിബിഷന്‍  കാണാന്‍.
അങ്ങനെ സംഭവ ദിവസം Clap Switch എന്ന് ഞങ്ങള്‍ പേരിട്ടിരുന്ന ഒരു exhibit ന്റെ പിന്നില്‍ 'അവതാരകന്‍' ആയി  ഞാന്‍ നില്‍ക്കയാണ്‌. ഒരു കൊച്ചു വീടിന്റെ മോഡല്‍. അതിന്റെ മുന്‍പില്‍ നിന്ന് ഒന്ന് കൈകൊട്ടിയാല്‍ വീടിന്റെ ഉള്ളിലെ ബള്‍ബ് കത്തും, ഒന്ന് കൂടി കൈകൊട്ടിയാല്‍ അത് കെട്ടുപോകും. അതാണ്‌ ഐറ്റം. എക്സിബിഷന് വന്നത് കൂടുതലും പെണ്മണികള്‍ ആണെന്നതിനാല്‍ ക്ലാപ്പ് സ്വിച്ചിന്റെ അവതാരകന്‍ ആവാന്‍ എല്ലാവര്ക്കും താല്പര്യമായിരുന്നു. അവറ്റകള്‍ വരുന്നതും, നമ്മള്‍ ഈ 'മോസ്റ്റ്‌ മോഡേണ്‍ ഐറ്റം' demonstrate ചെയ്യുമ്പോള്‍ അത് കണ്ടു വാപൊളിച്ച് നമ്മളെ മജീഷ്യന്‍ മുതുകാടിനെ എന്ന പോലെ നോക്കിയിട്ട് പോകുന്നതും ഒരു സുഖമുള്ള ഇടപാടാണല്ലോ. 
ഞാനങ്ങനെ എക്സിബിഷന്റെ മുഖ്യ ശ്രദ്ധാ കേന്ദ്രമായി വിലസി നില്‍ക്കുമ്പോളാണ് അത് സംഭവിച്ചത്. സന്ദര്‍ശകരുടെ ഇടയില്‍ ഒരു ബുജി പ്രത്യക്ഷപ്പെട്ടു. വെളുത്ത് മെലിഞ്ഞു ഉയര്‍ന്ന ശരീരത്തില്‍ ചുവന്ന ടീ ഷര്‍ട്ടും കറുത്ത ജീന്‍സും വെച്ചു പൊതിഞ്ഞ ഒരു സാധനം! അത് വരെ മരമണ്ടിമാരായ കുറെ പെണ്‍ പിള്ളേരെ വാചക കസര്‍ത്തില്‍ വീഴ്ത്തി അഹങ്കാരത്തോടെ നിന്ന എന്റെ മുന്‍പില്‍ ഈ ബുജി ഒരു തരം പുച്ഹ ഭാവത്തോടെ വന്നു നിന്നു. ഞാന്‍ വെയിറ്റ് കളയാതെ എന്റെ Clap Switch അവതരിപ്പിച്ചു. ബുജിയുടെ മുഖത്ത് യാതൊരു അത്ഭുത ഭാവവും ഇല്ല. 'ഞാന്‍ ഇതൊക്കെ എത്ര കണ്ടതാ' എന്ന ഭാവം. എന്റെ അവതരണം കഴിഞ്ഞപ്പോള്‍ പുള്ളി ഒന്ന് രണ്ടു തവണ കൈ ഞൊടിച്ച് clap switch ഒന്ന് ടെസ്റ്റ്‌ ചെയ്തു. എന്നിട്ട് ഗൌരവത്തോടെ എന്നോട് ചോദിച്ചു, 
"ഇതിന്റെ principle ഒന്ന് explain ചെയ്യാമോ detail ആയിട്ട്?"
ചോദിച്ചത് അങ്ങനെ മാന്യമായിട്ടു ആണെങ്കിലും 'ഇതിന്റെ principle ഒന്ന്  detail ആയിട്ട് പറയെടാ , നിനക്കറിയാമോ എന്ന് ഞാനൊന്നു നോക്കട്ടെ'  എന്ന സ്വരമായിരുന്നു അതിനു. എന്റെ ഉള്ളൊന്നു കാളി എന്ന് പറഞ്ഞെ പറ്റു. തലേന്ന് രാത്രി വരെ എക്സിബിഷന്‍ ഒരുക്കങ്ങളില്‍ ബിസി ആയിരുന്നു  എന്ന മുട്ടുന്യായം വേണേല്‍ പറയാം, ഈ സാധനങ്ങളുടെ ഒന്നും പ്രവര്‍ത്തനത്തിന്റെ details ചോദിച്ചാല്‍ പറയാന്‍ എനിക്കത്ര പിടിത്തമൊന്നും ഇല്ലായിരുന്നു. എന്തായാലും പെട്ട് പോയില്ലേ, സകല ഇലക്ട്രോണിക് ദൈവങ്ങളെയും മനസ്സില്‍ ധ്യാനിച്ചു കൊണ്ട്  ഞാന്‍ ഒരു അലക്ക് അലക്കി,
"സര്‍ ഇതൊരു മൈക്രോഫോണ്‍ ആണ്. നമ്മള്‍ കൈകൊട്ടുമ്പോള്‍ ഇത് ആ ശബ്ദത്തെ electric signal ആയി convert ചെയ്യും. നമ്മള്‍ ഇതിന്റെ അകത്തു ഒരു flip flop circuit വെച്ചിട്ടുണ്ട്. അത് ഈ electric signal സ്വീകരിച്ചു തുടര്‍ച്ചയായി set-reset അവസ്ഥകളില്‍ മാറിക്കൊണ്ടിരിക്കും. ആദ്യത്തെ സൌണ്ട് പള്‍സ് കൊണ്ട് flip flop set ആയാല്‍ അടുത്ത sound pulse വരുമ്പോള്‍ അത് reset ആകും. അതിനനുസരിച് അതില്‍ connect ചെയ്തിരിക്കുന്ന ബള്‍ബ് കത്തുകയും കെടുകയും ചെയ്യും. അതാണ്‌ ഇതിന്റെ principle. "
ഞാന്‍ പറഞ്ഞു നിര്‍ത്തി പതിയെ കക്ഷിയുടെ മുഖത്തേക്ക് നോക്കി. തീരെ തൃപ്തി വന്നിട്ടില്ല. ഈ പണിക്ക് ഇറങ്ങെണ്ടിയിരുന്നില്ല എന്നുപോലും എനിക്ക് തോന്നി. ഞാന്‍ പറയുന്നതൊക്കെ കേട്ട് തല കുലുക്കി ഞാന്‍ കാണിക്കുന്നതൊക്കെ കണ്ടു വാ പൊളിച്ചു ചിരിച്ചു എന്നെ അഹങ്കാരിയാക്കി കടന്നു പോയ സകല പെണ്‍ പിള്ളേരെയും ഞാന്‍ പ്രാകി. എന്റെ അത്തിപ്പാറ അമ്മച്ചീ, ദാ എന്റെ മാനം കപ്പല്‍ കേറാന്‍ പോണു. 
അടുത്ത ചോദ്യശരം ഏറ്റു വാങ്ങി വീരമൃത്യു വരിക്കാന്‍ ഞാന്‍ തയാറെടുത്തു. 
"അപ്പൊ in case ഇതിനു മുന്‍പില്‍ നിന്നു ഒരാള്‍ സംസാരിച്ചാലോ? ഇത് എന്ത് ചെയും?"
മരണം വരെ വീറോടെ പൊരുതാന്‍ ഉറച്ച ഞാന്‍ അടുത്ത ഉത്തരം തുടങ്ങി,
"അത് പ്രശ്നമല്ല സര്‍ . ഇത് ഇമ്പള്‍സ് സിഗ്നലിനോട് മാത്രമേ പ്രതികരിക്കൂ. Continuous ആയ സിഗ്നലിനു ഫ്ലിപ്പ് ഫ്ലോപ്പിനെ സെറ്റ് ചെയ്യാനോ റീസെറ്റ് ചെയ്യാനോ കഴിയില്ല. ഈ circuit നമ്മുടെ ബെഡ് റൂമിലോ മറ്റോ ഫിറ്റ്‌ ചെയ്‌താല്‍ ഒന്ന് കൈകൊട്ടുന്നതിലൂടെ നമുക്ക് ലൈറ്റോ ഫാനോ ഒക്കെ ON ചെയ്യാനും OFF ചെയ്യാനും കഴിയും."
"അപ്പൊ നിങ്ങള്‍ പറയുന്നത് ഒരാള്‍ ബെഡ് റൂമില്‍  നിന്നു സംസാരിച്ചാല്‍ പ്രശ്നമൊന്നും ഉണ്ടാവില്ല എന്നാണു അല്ലെ?"
'ഒരെണ്ണം കൊണ്ട് ബെഡ് റൂമില്‍ വെച്ചു നോക്കെടാ അപ്പൊ അറിയാം' എന്നാണു പറയാന്‍ തോന്നിയതെങ്കിലും ഞാന്‍ അത്തിപ്പാറ അമ്മച്ചിയെ ഓര്‍ത്തുകൊണ്ട്‌ പറഞ്ഞു,
"ഇല്ല സര്‍, ഇത് ഇമ്പള്‍സ്  സൌണ്ടിനോട് മാത്രമേ പ്രതികരിക്കൂ. ഇമ്പള്‍സ്, അതാണ്‌ important."
ഒന്നിരുത്തി മൂളിയിട്ട് കക്ഷി എന്റെ Clap Switch -നെ തലങ്ങും വിലങ്ങും കണ്ണുകള്‍ കൊണ്ട് ഉഴിഞ്ഞു. എന്നിട്ട് വീണ്ടും എന്നെ നോക്കി. അടുത്ത ചോദ്യത്തില്‍ ഞാന്‍ വീഴുമെന്നു എനിക്കുറപ്പായിരുന്നു. അതാ വരുന്നു ആ ചോദ്യം,
"അപ്പൊ ഇത് നിങ്ങള്‍ separate വാങ്ങി വെക്കുന്നതാണോ? അതോ ഇതില്‍ തന്നെ ഉണ്ടോ?"
ചോദ്യം എനിക്ക് വ്യക്തമായില്ല. 
"എന്താ സര്‍?" ഞാന്‍ ഭവ്യതയോടെ ചോദിച്ചു.
"അല്ല നിങ്ങള്‍ പറഞ്ഞ ആ സാധനമില്ലേ, ഇംപ്ളസ്  അത് ഇതില്‍ തന്നെ ഉണ്ടോ അതോ separate വാങ്ങി വെക്കണോ എന്ന്"
ആ നിമിഷം അവന്റെ ചെകിടടച്ചു ഒരെണ്ണം ഇട്ടുകൊടുക്കാനാ എനിക്ക് തോന്നിയത്. അവന്റെ ഒരു ഇംപ്ളസ്! അവന്റെ മുന്നില്‍ ഞാന്‍ കാണിച്ച അനാവശ്യ മസില് പിടിത്തം ആലോചിക്കുമ്പോള്‍ ഇപ്പോഴും എനിക്ക് ചിരി വരാറുണ്ട്.

No comments:

Post a Comment

 

Sample text

Sample Text

Sample Text

 
Blogger Templates