Pages

Download

Search This Blog

Monday, December 20, 2010

നാണമില്ലായ്മ എന്ന സുഖം

ലോകത്ത് അല്ലലില്ലാതെ ജീവിക്കാന്‍ വേണ്ട ഒരേ ഒരു ഗുണം എന്താന്ന് ചോദിച്ചാല്‍ ഞാന്‍ പറയും അത് നാണമില്ലായ്മ ആണെന്ന്. ഒന്ന് ആലോചിച്ചു നോക്കൂ, എനിക്ക് അഭിമാനം, നാണം, മാനം ഇങ്ങനെ പറയാന്‍ ഒന്നും സ്വന്തമായി ഇല്ല എന്നിരിക്കട്ടെ. ഞാന്‍ രാവിലെ ഉണര്‍ന്നാല്‍ എനിക്ക് ആരെയെങ്കിലും കുറ്റി വച്ച് ആഹാരം കഴിക്കാം, അത് കഴിഞ്ഞാല്‍ വേറെ പണി ഒന്നും എടുക്കേണ്ട കാര്യമില്ല, റോഡരികില്‍ വായിനോക്കി നില്‍ക്കാം, ഉച്ചയാകുമ്പോള്‍ വേണമെങ്കില്‍ ഏതെങ്കിലും ഹോട്ടലില്‍ കേറി തിന്നിട്ടു കാശില്ല എന്ന് പറയാം , അവര്‍ തല്ലാന്‍ പിടിച്ചാല്‍ വെള്ളം കോരിക്കൊടുക്കാം, ചീത്ത വിളികേള്‍ക്കാം, ചീത്ത പറയാം, ആരെയും എന്തും പറയാം, ആരില്‍ നിന്നും എന്തും കേള്‍ക്കാം, എവിടെയും എപ്പൊഴും കിടന്നുറങ്ങാം, എവിടെയും പോകാം, ബസില്‍ കയറി ടിക്കറ്റ്‌ ഇല്ലാതെ ഇറക്കിവിട്ടാല്‍ അവിടന്ന് അടുത്ത ബസില്‍, അതില്‍നിന്നും ഇറക്കിവിടുമ്പോള്‍ അടുത്തതില്‍, നാണമില്ലാത്ത കാലത്തോളം ഇതിനൊന്നും യാതൊരു പ്രശ്നവും ഇല്ല...നാണം മാത്രമാണ് എല്ലാ സുഖങ്ങള്‍ക്കും തടസ്സം!

Sunday, December 5, 2010

സഹനസമരം

പണ്ട് സ്കൂളില്‍ അറുബോറന്‍ ഹിസ്റ്ററി ക്ലാസ്സില്‍ കേട്ട വാക്കാണ്‌ 'സഹനസമരം'. അന്ന്‍ ഈ സംഗതി എന്താന്നു ശരിക്ക് പിടികിട്ടിയിരുന്നില്ല. പിന്നീട് കോളേജ് പഠനം എന്ന മഹത്തായ കര്‍മത്തിന് വേണ്ടി നഗരത്തില്‍ വന്നുപോയി തുടങ്ങിയപ്പോഴാണ് ഈ സാധനം ഞാന്‍ നേരില്‍ കാണുന്നത്. നമ്മുടെ നാട്ടിലെ മഹാ പ്രസ്ഥാനങ്ങളുടെ കാര്യത്തില്‍ നമ്മുടെ ഭരണസിരാകേന്ദ്രം എന്ന് അവിടുള്ളവര്‍ വിശേഷിപ്പിക്കുന്ന സെക്രട്ടെരിയറ്റ് പടിക്കല്‍ ഒരു കിടിലന്‍ ശാമിയാന പന്തലൊക്കെ ഇട്ടു, നല്ല പതുപതുപ്പന്‍ കസേരകള്‍ നിരത്തി, പല തരം (കറങ്ങുന്നതും തിരിയുന്നതുമൊക്കെയായ) ഫാനുകളൊക്കെ വച്ച് അലങ്കരിച്ച് മിനറല്‍ വാട്ടര്‍, വായിക്കാനുള്ള മാഗസീനുകള്‍ അങ്ങനെ സകല സംവിധാനങ്ങളും ഒരുക്കി നടത്തുന്ന ഒരു വലിയ 'ത്യാഗം' തന്നെയാണ് ഈ സമരം. പത്രക്കാരും ചാനലുകാരും പോകുന്നത് വരെ മുദ്രാവാക്യം വിളിക്കണം. അത് കഴിഞ്ഞാല്‍ പരദൂഷണമോ വായിനോട്ടമോ ആവാം.(നഗര ഹൃദയമാകയാല്‍ ഗജരാജവിരാജിത മന്ദഗതിക്കാരായ ലലനാമണികള്‍ സുലഭമായി കാണപ്പെടും, വെറുതെ കണ്ണുകള്‍ ഫ്രീ ആക്കി അവനവന്റെ കസേരയില്‍ ഇരുന്നാല്‍ മാത്രം മതി). കാല്‍ നടക്കാരന്റെ ഭരണഘടനാപരമായ അവകാശമെന്നും പറഞ്ഞു ഫുട് പാത്ത് ചോദിച്ചു ചെന്നാല്‍ ശബ്ദതാരാവലിയില്‍ ഇല്ലാത്ത കുറെ വാക്കുകള്‍ പഠിക്കാന്‍ പൊതുജനത്തിന്  കഴിയും. വീട്ടില്‍ നിന്നും പെണ്ണുമ്പിള്ള വിളിച്ചാല്‍ "എടീ, ഞാന്‍ സമരമുഖത്താണ്, പിന്നീട് വിളിക്കാം" എന്ന് പറഞ്ഞാല്‍ മതി ആ പാവം ഒരു വലിയ നേതാവിന്റെ ഭാര്യയാവാന്‍ കഴിഞ്ഞ നിര്‍വൃതിയില്‍ ഫോണ്‍ കട്ട്‌ ചെയ്തോളും. ഇങ്ങനെ കുറെ പേര്‍ സര്‍വകലാശാല പരിസരത്ത്‌ പട്ടി പെറ്റു കിടക്കും പോലെ അട്ടിയിട്ടു കിടന്നത് കൊണ്ട് ഇന്നുവരെ ഇവിടെ എന്തെങ്കിലും പ്രശ്നം പരിഹരിക്കപ്പെട്ടിട്ടുണ്ടോ? ഒരു പാവം പരദൂഷണക്കാരന്റെ സംശയമാണേ...

Sunday, November 21, 2010

രാജവീഥിയിലെ കുഴിയലങ്കാരങ്ങള്‍

കേരളത്തിലെ ഒരു ശരാശരി മലയാളിയ്ക്ക് കുഴിയില്ലാത്ത ഒരു റോഡ്‌ സങ്കല്‍പ്പിക്കാന്‍ പറ്റുമോ? സത്യം പറഞ്ഞാല്‍ എനിക്ക് പറ്റുന്നില്ല. മനുഷ്യന്റെ 'ഇമാജിനേഷന്‍' അഥവാ 'ഭാവന' എന്ന സംഗതിക്ക് ഒരു പ്രത്യേകത ഉള്ളതായി കേട്ടിട്ടുണ്ട്, അത് എന്തെങ്കിലും സങ്കല്‍പ്പിച്ചാല്‍ അതിന്റെ ഏറ്റവും നല്ല രൂപത്തിലായിരിക്കും സങ്കല്‍പ്പിക്കുക. ഉദാഹരണത്തിന് ഒരു ആപ്പിള്‍ സങ്കല്‍പ്പിച്ചാല്‍ 'നല്ല ചെമല കളര്‍ ഒള്ള ഒരു ഇത്തിരി പോലും കേടു പറ്റാത്ത പെര്‍ഫെക്റ്റ്‌ ഷേപ്പ് ഉള്ള' ഒരു ആപ്പിള്‍ ആയിരിക്കും നമ്മുടെ മനസ്സില്‍ വരുന്നത്. പക്ഷെ ഒരു റോഡ്‌ സങ്കല്‍പ്പിക്കാന്‍ പറഞ്ഞാല്‍ ഒരു മലയാളിയുടെ മനസ്സില്‍ ഒരുപാട് കുഴിയുള്ള, അതില്‍ നെറയെ ചെളിവെള്ളം കെട്ടിനില്‍ക്കുന്ന, സൈഡില്‍ ചെളിക്കുണ്ടും കേബിള്‍ കുഴിയും ഒക്കെ ഉള്ള 'സംഭവബഹുലമായ' ഒരു റോഡ്‌ ആയിരിക്കും പ്രത്യക്ഷപ്പെടുക. അതാണ്‌ റോഡുകളെ കുറിച്ചുള്ള നമ്മുടെ ഇന്നത്തെ സൌന്ദര്യ സങ്കല്പം. പിന്നെ വേറൊരു കാര്യമുണ്ട്; കുഴികളെ റോഡിന്‍റെ ഒരു ഭാഗമായി കാണുകയാണെങ്കില്‍ കുഴിയുടെ വികസനം റോഡുകളുടെ വികസനം ആയി കരുതിക്കൂടെ? അപ്പൊ പിന്നെ കേരളത്തില്‍ റോഡ്‌ വികസനം ഇല്ല എന്ന് പറയുന്ന വികസനവാദികളെ പിടിച്ച് പൂട്ടിയിടണ്ടേ?

Wednesday, October 20, 2010

വാളുകള്‍ വരുന്ന പുതിയ വഴികള്‍

നമ്മുടെ ട്രാന്‍സ് പോര്‍ട്ട്‌ ബസ്സുകളില്‍ രണ്ട് വാതിലുകള്‍ ഉള്ളവയില്‍ എല്ലാം സ്ത്രീ ജനങ്ങളുടെ സീറ്റുകള്‍ മുന്‍ ഭാഗത്തേക്ക് മാറ്റിയത് ശ്രദ്ധിച്ചു കാണുമല്ലോ. സ്ഥിരം യാത്ര ചെയ്യുന്നവനും കെ.എസ്.ആര്‍.ടി.സി.യുടെ ആരാധകനുമായ ഈയുള്ളവന് ഇത് ചില്ലറ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. വേറൊന്നുമല്ല, 'വാളുകളുടെ' വരവാണ് പ്രശ്നം. സ്ത്രീകളും അവരുടെ കൈയിലിരിക്കുന്ന ഭാവിപൌരന്മാരും പൌരികളും ആണല്ലോ വാളുകളുടെ പ്രധാന ഡീലര്‍മാര്‍! പണ്ടൊക്കെ ഇവര്‍ എന്റെ പിന്നില്‍ ഇരുന്നു വാളുകള്‍ പിന്നിലേക്ക് വീശുകയായിരുന്നു പതിവ്. ഇപ്പൊ സംഗതി മാറി. എന്നെ സംബന്ധിച്ച് ഇപ്പൊ വാളുകള്‍ നേരെ മുന്നില്‍ നിന്നും മുഖതാവിലെക്ക് തന്നെയാണ് വരവ്. രാവിലെ ഒരുങ്ങിക്കെട്ടി കയറി സൈഡ് സീറ്റില്‍ ഞെളിഞ്ഞ് ഇരുന്നു വരുമ്പോള്‍ അപ്രതീക്ഷിതമായി വരുന്ന വാളുകള്‍ കുറെയേറെ ഞാന്‍ വാങ്ങിക്കൂട്ടിയിട്ടുണ്ട് ഇതിനകം. പരദൂഷണം ആകുമ്പോള്‍ ഇതുകൂടി പറയാം,"ഇവര്‍ക്കൊക്കെ വല്ല പ്ലാസ്റ്റിക്‌ ബാഗോ മറ്റോ കൊണ്ട് കയറിക്കൂടെ,വെറുതെ മറ്റുള്ളവര്‍ക്ക് പണിയുണ്ടാക്കാതെ!"

Thursday, September 16, 2010

അമ്പട ഞാനെ!

ഒരു കാലത്ത് നമ്മുടെ മതിലുകളില്‍ സുലഭമായി കണ്ടിരുന്ന മുഖങ്ങള്‍ മോഹന്‍ ലാല്‍, മമ്മൂട്ടി തുടങ്ങിയ താരങ്ങളുടെതായിരുന്നു. അതും സിനിമ പോസ്റ്റുകളില്‍... പിന്നെ തിരഞ്ഞെടുപ്പ് എത്തുമ്പോള്‍ സ്ഥാനാര്തികളുടെ മുഖങ്ങള്‍ ധാരാളമായി തുടങ്ങും. പക്ഷെ ഇന്നിപ്പോള്‍ കാലം കുറെ പുരോഗമിച്ചു... ഇതുവരെ കണ്ടിട്ടും കേട്ടിട്ടും ഇല്ലാത്ത കുറെ മുഖങ്ങള്‍ വെളുക്കെ ചിരിച്ചു കൊണ്ട് മതിലുകളില്‍ കാണുന്നു. ലോക്കല്‍ കമ്മിറ്റി യിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ചോട്ടാ നേതാക്കള്‍ക്ക് അഭിവാദ്യങ്ങള്‍ വാരിക്കോരി നല്‍കുന്ന വേദിയായി നമ്മുടെ മതിലുകള്‍ മാറിയിരിക്കുന്നു. പക്ഷെ എന്നോട് ഒരു അജ്ഞാത നേതാവ് പറഞ്ഞത്, ഈ പടങ്ങളൊക്കെ ഒട്ടിപ്പിക്കുന്നത് അവനവന്‍ തന്നെയാണ് എന്നാണു. "എനിക്ക് എന്റെ അഭിവാദ്യങ്ങള്‍" എന്ന് എഴുതുന്നില്ല എന്നേയുള്ളു. പരദൂഷണമാണേ!!!

Monday, June 14, 2010

കുടിവെള്ളം-വെള്ളംകുടി !!!

നമ്മുടെ സര്‍ക്കാര്‍ ഇതിനു മുന്‍പും പല പദ്ധതികള്‍ ആവിഷ്ക്കരിചിട്ടുണ്ടെങ്കിലും ജപ്പാന്‍ കുടിവെള്ള പദ്ധതിയുടെ അത്രയും വിജയം കണ്ട മറ്റൊരു പരിപാടി ഉണ്ടാവില്ല. നഗരത്തിലെ ജനങ്ങള്‍ക്ക് വെള്ളം കുടിക്കാനായിട്ടാണ് പരിപാടി തുടങ്ങിയത്. പക്ഷെ, നഗരവാസികള്‍ മാത്രമല്ല, നഗരത്തില്‍ ചുമ്മാ വന്നുപോകുന്നവര്‍ വരെ പദ്ധതി കാരണം നന്നായി വെള്ളം കുടിക്കുന്നുണ്ട്. പദ്ധതി പൂര്‍ത്തിയാകും മുമ്പേ ഇത്രയും ഭംഗിയായി ഉദ്ദേശ്യം സാധിച്ച വേറെ ഏത് പദ്ധതി ഉണ്ട്?

Thursday, June 10, 2010

തട്ടിയിട്ടാല്‍ നില്‍ക്കണോ?

നമ്മുടെ റോഡുകളുടെ കിടപ്പും, നമ്മള്‍ മലയാളി പയലുകളുടെ കൈയിലിരിപ്പും വച്ച് നോക്കിയാല്‍, വണ്ടി ഓടിച്ചു പോകുമ്പോള്‍ ചില്ലറ തട്ടുമുട്ടുകള്‍ ഒക്കെ ഉണ്ടായില്ലെങ്കിലെ അത്ഭുതമുള്ളൂ. മുട്ടിക്കഴിഞ്ഞാല്‍, കുഴപ്പം ആരുടെതെന്നല്ല , വലിയ വണ്ടി ആരുടേത് എന്നാണ് നമ്മുടെ ബഹുജനം നോക്കുന്നത്, വലിയ വണ്ടി ഉള്ളവന്‍ കുഴപ്പക്കാരന്‍ ആയിരിക്കും എന്നതാണ് സിദ്ധാന്തം. അത് പോട്ടെ, ചോദ്യം ഇതാണ് : നമ്മള്‍ ഓടിക്കുന്ന വണ്ടി ഒന്ന് മുട്ടി എന്ന് വെക്കുക, പണ്ടാരമടങ്ങാന്‍ വലിയ വണ്ടിയുടെ ഉടമസ്ഥനും നമ്മള്‍ ആണെന്ന് വെക്കുക, നിര്‍ത്താതെ പോണോ അതോ ഉത്തമ പൌരനായി വണ്ടി നിര്‍ത്തി നടപടിക്രമങ്ങള്‍ ചെയ്യണോ?
നിര്‍ത്താതെ പോണതാ അണ്ണാ നല്ലത്....തട്ട് കിട്ടിയവനെ ആരും ഒട്ടു മൈന്‍ഡ് ചെയ്യാനും പോണില്ല, തട്ടിയവനെ നാട്ടുകാര്‍ തട്ടിക്കൂട്ടി പെട്ടിയിലാക്കുകയും ചെയ്യും. നിര്‍ത്തിയാല്‍, മരണസംഖ്യ ഒന്നും കൂടും എന്നല്ലാതെ വേറെ വ്യത്യാസമൊന്നുമില്ല. അപ്പൊ പിന്നെ ഏതാ നല്ലത്?

Wednesday, June 9, 2010

എന്താ ലോകം!!!

നമ്മള്‍ ജീവിക്കുന്ന ഈ ലോകത്തിന്റെ കാര്യം മഹാ കഷ്ടമാ..
ഒരുത്തന്‍ അല്പം തല തിരിഞ്ഞുപോയി എന്ന് വിചാരിക്കുക, അവനെ നന്നാവാന്‍ പിന്നെ ഒരുത്തനും സമ്മതിക്കില്ല. അവന്‍ തോന്നിവാസം കാട്ടി നടന്നാല്‍ പറയും 'മൊട' കാണിക്കുന്നവന്‍ എന്ന്. അത് കേട്ട് മടുത്ത് അവന്‍ നന്നാവാന്‍ തീരുമാനിച്ചാലോ, ഭും! അപ്പൊ പറയും അവന് എന്തോ കുഴപ്പം ഉണ്ടെന്നു. "അവന് ചുമ്മാ അങ്ങനെ നന്നാവുമോ, എന്തോ കുഴപ്പമുണ്ട്", ഇനി അവന്‍ വീണ്ടും പഴയ പോലെ ആയാല്‍ പിന്നെ പറയും, "ഇവനൊക്കെ എവിടെ നന്നാവാനാ" എന്ന്.
ചുരുക്കം പറഞ്ഞാല്‍ , ഒരുത്തന്‍ എങ്ങനെ ജനിച്ചോ അതുപോലെ അങ്ങ് ജീവിച്ചോണം, നന്നാവാന്‍ നോക്കിയാല്‍ ആ നിമിഷം പണി കിട്ടും!!!!
 

Sample text

Sample Text

Sample Text

 
Blogger Templates