Pages

Download

Search This Blog

Wednesday, April 4, 2012

ചില "വിദ്ധ്യാഫ്യാസ" ചിന്തകള്‍

     ഒരു കാര്യം അറിയാവുന്നവന്‍ അത് ചെയ്തു ജീവിക്കുന്നു, അറിയാത്തവന്‍ അത് പഠിപ്പിച്ചു ജീവിക്കുന്നു ~ ബെര്‍ണാഡ് ഷായുടെ വാചകമാണിത്.
     സംഗതി വര്‍ഷങ്ങള്‍ക്ക് മുന്പ് പറഞ്ഞതാണെങ്കിലും ഇപ്പൊഴും അത് ശരിയല്ലേ എന്നൊരു സംശയം... നമ്മുടെ നാട്ടില്‍ ഏറ്റവും കൂടുതല്‍ ചര്ച്ച ചെയ്യപ്പെടുന്ന ഒരു വാക്കാണു വിദ്യാഭ്യാസം. (വിദ്യബ്യാസം, വിദ്ധ്യാഫ്യാസം, എന്നിങ്ങനെ പലവിധ ഉച്ചാരണങ്ങളില്‍ ഇത് പുറപ്പെടുവിക്കപ്പെടുന്നു എന്നു മാത്രം). പക്ഷേ ആ പേരും പറഞ്ഞു നമ്മള്‍ ആലോചിക്കുന്നതും തര്‍ക്കിക്കുന്നതും വേറെ എന്തൊക്കെയോ ആണ് എന്നു മാത്രം. ഒരു സമൂഹത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട മേഖല എന്ന നിലയില്‍ വിദ്യാഭ്യാസത്തെ പറ്റി നാം വാ തോരാതെ സംസാരിക്കുമ്പോള്‍ അതിന്റെ കാതലായ അല്ലെങ്കില്‍ ആത്മാവായ അംശം അധികം ശ്രദ്ധിക്കപ്പെടാറില്ല; അത് വേറൊന്നുമല്ല പഠിക്കുന്നവര്‍ അല്ലെങ്കില്‍ വിദ്യാര്‍ഥികള്‍ തന്നെ. കുറെ അദ്ധ്യാപകര്‍ക്കും മറ്റ് അനുബന്ധ സ്റ്റാഫുകള്‍ക്കും തൊഴില്‍ ഉറപ്പുവരുത്താനുള്ള എന്തോ ഒരു സമ്പ്രദായം മാത്രമായി വിദ്യാഭ്യാസം മാറുന്നില്ലേ എന്നൊരു സംശയം. ഈ പറയുന്ന വിദ്യാര്‍ഥികളെ സംബന്ധിച്ചാണെങ്കില്‍ അത് പ്രായത്തിനനുസരിച്ച് അര്‍ത്ഥം മാറുന്ന ഒന്നാണ്. അച്ഛനോ അമ്മയോ ജോലിക്കു പോകും പോലെ കുട്ടിയായിരിക്കുമ്പോള്‍ താന്‍ പോകുന്ന സ്ഥലമാണ് സ്കൂള്‍! കുറച്ചുകൂടി വളര്‍ന്ന് കഴിയുമ്പോള്‍ തോന്നും ഭാവിയില്‍ ജോലി കിട്ടാന്‍ വേണ്ടി കാണിക്കാനുള്ള സര്‍ട്ടിഫിക്കറ്റുകള്‍ സംഘടിപ്പിക്കുന്ന ഏര്‍പ്പാട് ആണ് വിദ്യാഭ്യാസം എന്നു. എന്നാല്‍ ഒരു ജോലിയൊക്കെ കിട്ടിയിട്ടു ഭൂതകാലത്തേക്ക് തിരിഞു നോക്കുമ്പോള്‍ മനസിലാവും എന്തിനെന്നോ ഏതിനെന്നോ അറിയാതെ ജീവിതത്തിലെ കാല്‍ നൂറ്റാണ്ടു കളഞ്ഞു കുളിച്ച ആ പരിപാടി ആയിരുന്നു വിദ്യാഭ്യാസം എന്നു. "ജീവിതത്തിന്റെ കാല്‍ ഭാഗം വേസ്റ്റ് ആക്കി ബാക്കി മുക്കാല്‍ ഭാഗം വേസ്റ്റ് ആക്കുന്നത് എങ്ങനെ എന്നു പഠിക്കുന്ന സമ്പ്രദായം ആണ് വിദ്യാഭ്യാസം" എന്നു എബ്രഹാം ലിങ്കണ്‍ പറഞ്ഞതും കൂടി ഓര്‍ക്കാം.
      നമ്മുടെ നാട്ടില്‍ വിദ്യാഭ്യാസ മേഖല നേരിടുന്ന പ്രധാന  വെല്ലുവിളികള്‍ ഏതൊക്കെ എന്നറിയാന്‍ പത്രം തുറന്നു നോക്കിയാല്‍ മനസിലാവുന്നത് അദ്ധ്യാപകരുടെ ശമ്പള വ്യവസ്ഥയും, യൂണിവേഴ്സിറ്റികളിലെ നിയമനവ്യവസ്ഥയും, സ്വകാര്യ മാനേജ്മെന്‍റ് സ്ഥാപനങ്ങളിലെ സീറ്റ് വിഭജനവും ഒക്കെയാണ്. പക്ഷേ എന്റെ കണ്ണില്‍ ഏറ്റവും പ്രധാന പ്രശ്നം ഇവിടെ അദ്ധ്യാപകര്‍, വിദ്യാര്‍ഥികള്‍ എന്നീ രണ്ടു സ്പീഷീസുകള്‍ വംശനാശ ഭീഷണിയിലാണ് എന്നതാണു. പരീക്ഷാഭവന്‍, യൂണിവേഴ്സിറ്റികള്‍, പീ.എസ്.സി. എന്നീവിടങ്ങളിലെ എന്‍റോള്‍മെന്‍റ് ലിസ്റ്റ് കാണിച്ചിട്ടു അത് തെറ്റാണ് എന്നു നിങ്ങള്‍ക്ക് വാദിക്കാം. പക്ഷേ ഞാന്‍ പറയും അവരില്‍ ഭൂരിഭാഗവും തൊഴിലാളികള്‍ മാത്രമാണു എന്നു; ഒരു കൂട്ടര്‍ പഠിക്കല്‍ തൊഴിലാളികളും മറ്റെ കൂട്ടര്‍ പഠിപ്പിക്കല്‍ തൊഴിലാളികളും. അവര്‍ ചെയ്യുന്നതെന്തെന്ന് അവരില്‍ പലരും അറിയുന്നില്ല. ലക്ഷ്യബോധമില്ലാത്ത ഒരു വിദ്യാര്‍ഥി സമൂഹവും അവരില്‍ ലക്ഷ്യബോധം ഉണ്ടാക്കേണ്ടത് തങ്ങളുടെ ജോലിയാണെന്ന് തിരിച്ചറിയാത്ത അദ്ധ്യാപകസമൂഹവും നമ്മുടെ നാട്ടിലെ ഏറ്റവും വലിയ ദുരവസ്ഥ ആയി മാറുന്നു. കൂട്ടിന് തങ്ങള്‍ക്ക് സ്വന്തം ജീവിതത്തില്‍ നേടാന്‍ കഴിയാത്തത് നേടാനുള്ള ഉപകരണങ്ങളായി സ്വന്തം മക്കളെ വളര്‍ത്താന്‍ ശ്രമിക്കുന്ന രക്ഷാകര്‍ത്താക്കളും കൂടി ആയാല്‍ ഉഷാര്‍! ഒരുപാട് കഴിവുകള്‍ ഉണ്ടായിട്ടും ഒന്നിന്നും കൊള്ളാത്ത ഒരു ഭാവി തലമുറയുടെ രൂപകല്‍പ്പനയ്ക്കുള്ള എല്ലാ ഘടകങ്ങളും ഒത്തിണങ്ങിക്കഴിഞ്ഞു. നമ്മളെ സംബന്ധിച്ചു വിദ്യാഭ്യാസം എന്നാല്‍ ഒരു ജോലി കിട്ടുന്നതിനുള്ള സര്‍ട്ടിഫിക്കറ്റ് സമ്പാദിക്കലും കല എന്നാല്‍ സ്കൂള്‍ കോളേജ് തലങ്ങളില്‍ പ്രശസ്തിക്കും ഗ്രേസ് മാര്‍ക്കിനും വേണ്ടിയുള്ള കുറുക്ക് വഴിയും ആകുന്നില്ലേ? സ്വന്തം അറിവ് കൊണ്ട് ശോഭിക്കുന്ന ഒരു നല്ല ഗവേഷകനോ സ്വന്തം കലാപാടവം കൊണ്ട് ശോഭിക്കുന്ന ഒരു നല്ല കലാകാരനോ വളര്‍ന്ന് വരാന്‍ നമ്മുടെ നാട്ടില്‍ വളരെ ബുദ്ധിമുട്ടുന്നു, കാരണം വളരെ ശക്തമായ ഒരു ഒഴുക്കിന് എതിരെയാണ് അവര്‍ക്ക് നീന്തേണ്ടത്. '3 ഇഡിയറ്റ്സ്' സിനിമ കണ്ടു കയ്യടിച്ച മാതാ-പിതാക്കളില്‍ ആരും സ്വന്തം മോനോടു "നീ നിനക്കിഷ്ടമുള്ള വിഷയം പടിച്ചോടാ" എന്നു പറഞ്ഞതായി ഞാന്‍ കേട്ടിട്ടില്ല.
      രണ്ട് വര്‍ഷം സയന്‍സ് എന്ന പൊതു ശാസ്ത്രവും, അഞ്ചു വര്‍ഷം കൊണ്ട് പോസ്റ്റ് ഗ്രാജുയഷന്‍ വരെ ഫിസിക്സും പഠിച്ച ഒരാളെ പി.എസ്.സി. കോച്ചിങ് നടക്കുന്ന ക്ളാസ്സില്‍ കാണുമ്പോള്‍ വലിയ സങ്കടം തോന്നാറുണ്ട്. അയാള്‍ സ്വന്തം ജീവിതത്തിലെ ഏഴു വര്‍ഷങ്ങള്‍ എന്താണ് ചെയ്തത്? പഠനത്തില്‍ പിന്നോക്കം പോയ ആളോടുള്ള പുച്ഛമായി ഇതിനെ കാണരുത്. ജീവിതത്തിനെ പ്രാക്ടിക്കല്‍ ആയി കാണാതെയുള്ള 'അങ്ങ് കൊമ്പത്തെ ജോലിയേ സ്വീകരിക്കൂ' എന്ന വൈറ്റ് കോളര്‍ കോംപ്ലെക്സിനെ ന്യായീകരിക്കുന്നതും അല്ല. വെറുമൊരു സംശയമാണ്: നിങ്ങള്‍ അത് കൊണ്ട് ജീവിക്കുന്നില്ല എങ്കില്‍
ഒരു വിഷയത്തിനായി ജീവിതത്തിലെ ഏറ്റവും ഊര്‍ജസ്വലമായ ഏഴു വര്‍ഷങ്ങള്‍ നീക്കി വെച്ചിട്ട് നിങ്ങള്‍ എന്തു നേടുന്നു? സ്കൂളിലോ കോളേജിലോ കിട്ടിയ കുറെ അനുഭവങ്ങള്‍ (അതില്‍ തന്നെ ഭൂരിഭാഗവും പഠിച്ച വിഷയത്തിന്റെയോ സ്ഥലത്തിന്റെയോ അല്ല, മറിച്ച് ആ പ്രായത്തിന്റെ പ്രത്യേകത ആയിരിയ്ക്കും) ഒഴിച്ചാല്‍ ആ വര്‍ഷങ്ങള്‍ കൊണ്ട് നിങ്ങള്‍ നേടിയത് എന്താണ്? ഒന്നുമില്ല. അതായത് അക്ഷരാര്‍ത്ഥത്തില്‍ ആ വര്‍ഷങ്ങള്‍ നിങ്ങളുടെ ജീവിതത്തിലെ വെറും വേസ്റ്റ് ആയി മാറുന്നു. ആലോചിച്ചാല്‍ എന്തു കഷ്ടമാണത്!
      ഇനി മറ്റൊരു ദുരന്തം സംഭവിക്കുന്നത്, വിഷയത്തോടോ കുറഞ്ഞത് അധ്യാപനത്തോടോ പോലും താല്പര്യമില്ലാത്ത ഒരാള്‍ താന്‍ അതില്‍ നേടിയ കൊമ്പത്തെ ബിരുദവും (പിന്നെ പെഴ്സും) എടുത്തു കാണിച്ചുകൊണ്ട് ഒരു തലമുറയെ പഠിപ്പിക്കുന്ന ജോലി ഏറ്റെടുക്കുമ്പോള്‍ ആണ്. ആകര്‍ഷകമായ വരുമാനം കണ്ട് ബിരുദധാരികള്‍ അധ്യാപനത്തിലേക്ക് പറന്നടുക്കുമ്പോള്‍ മുകളിലേക്കു പറക്കാന്‍ കഴിവുള്ള ഒരു തലമുറയുടെ ചിറകരിയാനുള്ള വഴി അവര്‍ ഒരുക്കുന്നില്ല എന്നുറപ്പിക്കാന്‍ നിലവിലെ സംവിധാനം തീരെ പോര. കൈയില്‍ കാശുള്ളവന്‍ അതിന്റെ മാത്രം ബലത്തില്‍ അധ്യാപക വേഷം കെട്ടുമ്പോള്‍ അധ്യാപക വംശത്തിന്‍റെയോപ്പം വിദ്യാര്‍ത്ഥി വംശത്തിന്റെ കൂടി ശവപ്പെട്ടിയിലാണ് ആണി അടിക്കുന്നത്. പഠിപ്പിക്കല്‍ എന്നൊരു ജോലി സാധ്യമല്ല. പഠനത്തില്‍ സഹായിക്കല്‍ മാത്രമാണു സാധ്യമായത്. വിദ്യാര്‍ത്തികളെ വിഷയത്തിലേക്ക് ആകര്‍ഷിക്കുകയും പിന്നെ അവരെ പഠിക്കാന്‍ സഹായിക്കുകയും ചെയ്യുകയാണ് അദ്ധ്യാപകന്റെ ജോലീ. പഠനം അവര്‍ ചെയ്യേണ്ടതാണ്. ഒരു വിഷയത്തില്‍ ശരിയായ താല്‍പര്യം ഉണ്ടായിക്കഴിഞ്ഞാല്‍ അവര്‍ അത് താനേ ചെയ്തുകൊള്ളും, അവരെ ഒന്നു സഹായിച്ചാല്‍ മാത്രം മതി. അതെങ്ങനെ? പഠിപ്പിക്കുന്നയാള്‍ക്ക് താല്പര്യമില്ലാത്ത ഒരു വിഷയത്തില്‍ പഠിക്കുന്നവര്‍ക്ക് താല്‍പര്യം ഉണ്ടാകുമോ? ഉള്ള താല്‍പര്യം ഒരുപക്ഷേ ഇല്ലാതായെങ്കിലെ ഉള്ളൂ. പക്ഷേ വേറെ എന്തു പണി ചെയ്താലും താല്‍പര്യമില്ലാത്തവര്‍ പഠിപ്പിക്കാന്‍ ഇറങ്ങരുത് എന്നു ആഗ്രഹിക്കാന്‍ മാത്രമല്ലേ എനിക്കാകൂ!
       ഇനി പറയേണ്ട ഒരു ചെറിയ കൂട്ടം ദുരന്തബാധിതരായ ജനങ്ങള്‍ കൂടി ഉണ്ട്. വിഷയത്തില്‍ താല്‍പര്യം ഉള്ള, എന്നാല്‍ മാര്‍ക്ക് ഇല്ലാത്തവര്‍. സ്ത്രീ ജനങ്ങള്‍ പരിഭവിക്കരുത്, അവരില്‍ ഭൂരിഭാഗവും ആങ്കുട്ടികള്‍ ആണ്. വിഷയത്തോടുള്ള താല്‍പര്യം കൊണ്ട് ഉന്നത പഠനത്തിനായി ഏതെങ്കിലും കോളേജിന്റെ മുന്നില്‍ ചെന്നാല്‍ തൊണ്ണൂരും തൊണ്ണൂറ്റഞ്ചും ശതമാനം മാര്‍ക്കും പൊക്കിപ്പിടിച്ചു കുറെ പേര്‍ അവിടുണ്ടാകും. അവരാകട്ടെ ആ വിഷയത്തില്‍ താല്‍പര്യമോ, അതുണ്ടാകാനുള്ള സാധ്യതയോ, എന്തിന്, കോഴ്സ് അവസാനം വരെ പഠനം തുടരുമെന്ന് ഉറപ്പോ പോലും ഇല്ലാത്തവര്‍ ആകാം. അവര്‍ അഡ്മിഷന്‍ വാങ്ങും, മറ്റെ കൂട്ടര്‍ ജീവിതത്തിന്റെ സ്റ്റിയറിങ് വേറെ വഴിക്കു തിരിക്കും. പക്ഷേ കോഴ്സ് കഴിഞ്ഞു ആദ്യം പറഞ്ഞവരും സ്റ്റിയറിങ് തിരിക്കും. തീം തരികിട തോം! (തന്നെ മറികടന്നു അഡ്മിഷന്‍ വാങ്ങി എം.എസ്.സി. പഠനം നടത്തി ഒടുവില്‍ പീ.എസ്.സി കൊച്ചിങ്ങിന് പോയ ഒരു പെങ്കുട്ടിയെ എന്റെ ഒരു ചങ്ങാതി തെറി വിളിക്കുന്നത് ഞാന്‍ കേട്ടിട്ടുണ്ട്). മേല്‍ പറഞ്ഞപോലെ, താല്‍പര്യം ഇല്ലാത്തവര്‍ മറ്റുള്ളവരുടെ അവസരം കൂടി കളഞ്ഞു ഇങ്ങനെ ക്രൂരത കാട്ടരുത് എന്നു ആഗ്രഹിക്കാന്‍ മാത്രമല്ലേ പറ്റൂ.
ഞാന്‍ ഈ പറഞ്ഞത് കേട്ടിട്ടു ഇവിടെ ഒരു ഭൂമി കുലുക്കവും ഉണ്ടാകാന്‍ പോകുന്നില്ല എന്നറിയാം. ഇവിടെ ഇതൊക്കെയേ നടക്കാന്‍ പോണുള്ളൂ എന്നും അറിയാം. പിന്നെന്താ, ഇച്ചിരി പരദൂഷണം പറഞ്ഞപ്പോള്‍ ഒരു സുഖം. അത്രന്നെ!

3 comments:

  1. ഇന്നൊക്കെ എവിടെ വിദ്യാഭ്യാസം.... എല്ലാം വിദ്യാഭാസം അല്ലെ തമ്പി അളിയാ....

    ReplyDelete
  2. വിദ്യാഭ്യാസം മൊത്തത്തില്‍ ഒരു വലിയ അഭ്യാസം ആയി മാറി...

    ReplyDelete

 

Sample text

Sample Text

Sample Text

 
Blogger Templates