Pages

Download

Search This Blog

Sunday, December 5, 2010

സഹനസമരം

പണ്ട് സ്കൂളില്‍ അറുബോറന്‍ ഹിസ്റ്ററി ക്ലാസ്സില്‍ കേട്ട വാക്കാണ്‌ 'സഹനസമരം'. അന്ന്‍ ഈ സംഗതി എന്താന്നു ശരിക്ക് പിടികിട്ടിയിരുന്നില്ല. പിന്നീട് കോളേജ് പഠനം എന്ന മഹത്തായ കര്‍മത്തിന് വേണ്ടി നഗരത്തില്‍ വന്നുപോയി തുടങ്ങിയപ്പോഴാണ് ഈ സാധനം ഞാന്‍ നേരില്‍ കാണുന്നത്. നമ്മുടെ നാട്ടിലെ മഹാ പ്രസ്ഥാനങ്ങളുടെ കാര്യത്തില്‍ നമ്മുടെ ഭരണസിരാകേന്ദ്രം എന്ന് അവിടുള്ളവര്‍ വിശേഷിപ്പിക്കുന്ന സെക്രട്ടെരിയറ്റ് പടിക്കല്‍ ഒരു കിടിലന്‍ ശാമിയാന പന്തലൊക്കെ ഇട്ടു, നല്ല പതുപതുപ്പന്‍ കസേരകള്‍ നിരത്തി, പല തരം (കറങ്ങുന്നതും തിരിയുന്നതുമൊക്കെയായ) ഫാനുകളൊക്കെ വച്ച് അലങ്കരിച്ച് മിനറല്‍ വാട്ടര്‍, വായിക്കാനുള്ള മാഗസീനുകള്‍ അങ്ങനെ സകല സംവിധാനങ്ങളും ഒരുക്കി നടത്തുന്ന ഒരു വലിയ 'ത്യാഗം' തന്നെയാണ് ഈ സമരം. പത്രക്കാരും ചാനലുകാരും പോകുന്നത് വരെ മുദ്രാവാക്യം വിളിക്കണം. അത് കഴിഞ്ഞാല്‍ പരദൂഷണമോ വായിനോട്ടമോ ആവാം.(നഗര ഹൃദയമാകയാല്‍ ഗജരാജവിരാജിത മന്ദഗതിക്കാരായ ലലനാമണികള്‍ സുലഭമായി കാണപ്പെടും, വെറുതെ കണ്ണുകള്‍ ഫ്രീ ആക്കി അവനവന്റെ കസേരയില്‍ ഇരുന്നാല്‍ മാത്രം മതി). കാല്‍ നടക്കാരന്റെ ഭരണഘടനാപരമായ അവകാശമെന്നും പറഞ്ഞു ഫുട് പാത്ത് ചോദിച്ചു ചെന്നാല്‍ ശബ്ദതാരാവലിയില്‍ ഇല്ലാത്ത കുറെ വാക്കുകള്‍ പഠിക്കാന്‍ പൊതുജനത്തിന്  കഴിയും. വീട്ടില്‍ നിന്നും പെണ്ണുമ്പിള്ള വിളിച്ചാല്‍ "എടീ, ഞാന്‍ സമരമുഖത്താണ്, പിന്നീട് വിളിക്കാം" എന്ന് പറഞ്ഞാല്‍ മതി ആ പാവം ഒരു വലിയ നേതാവിന്റെ ഭാര്യയാവാന്‍ കഴിഞ്ഞ നിര്‍വൃതിയില്‍ ഫോണ്‍ കട്ട്‌ ചെയ്തോളും. ഇങ്ങനെ കുറെ പേര്‍ സര്‍വകലാശാല പരിസരത്ത്‌ പട്ടി പെറ്റു കിടക്കും പോലെ അട്ടിയിട്ടു കിടന്നത് കൊണ്ട് ഇന്നുവരെ ഇവിടെ എന്തെങ്കിലും പ്രശ്നം പരിഹരിക്കപ്പെട്ടിട്ടുണ്ടോ? ഒരു പാവം പരദൂഷണക്കാരന്റെ സംശയമാണേ...

No comments:

Post a Comment

 

Sample text

Sample Text

Sample Text

 
Blogger Templates