Pages

Download

Search This Blog

Sunday, October 2, 2011

ഒരു ടാപ്പ് അടച്ച കഥ


മലയാളത്തിലെ പ്രമുഖ ചാനലില്‍ ഒരു പോപ്പുലര്‍ പരിപാടിയില്‍ പങ്കെടുക്കാന്‍ കെട്ടും കെട്ടി ഇറങ്ങിയതായിരുന്നു രാവിലെ. ഒപ്പം ഒരു പോങ്ങന്‍ ചങ്ങാതിയുമുണ്ട്. കൈയില്‍ ഉള്ള ചില്ലറ നുള്ളിപ്പെറുക്കി എണ്ണി നോക്കി മാനം പോവില്ല എന്നുറപ്പിച്ചു നഗരത്തിന്റെ നാറ്റമേറിയ ഹൃദയത്തില്‍ നിന്നും ആട്ട (ഓട്ടോ റിക്ഷയുടെ തിരുവനന്തപുരം വേര്‍ഷന്‍ ) പിടിച്ചാണ് ചെന്നത്, നമ്മള്‍ ഒട്ടും മോശക്കാരനല്ല എന്ന് കാണിക്കണമല്ലോ.
ചെന്നിറങ്ങിയപ്പോള്‍ തന്നെ കണ്ണില്‍ പെട്ടു, പുഴുങ്ങിയ ചൂട് ചേമ്പിന്‍കിഴങ്ങ് വായില്‍ തിരുകിയിട്ടെന്ന പോലെ ചാനലില്‍ സംസാരിക്കുന്ന സുന്ദരിയും പിന്നെ രണ്ട് കണ്ടു പരിചയമില്ലാത്ത സഹസുന്ദരിമാരും സൊറ പറഞ്ഞു നില്‍പ്പുണ്ട്. ചാനല്‍ അവതാരകര്‍ എന്ന അവതാരങ്ങള്‍ എല്ലാം ഒന്നൊഴിയാതെ അഹങ്കാരികള്‍ ആണെന്ന പ്രപഞ്ചസത്യത്തെക്കുറിച്ച് അന്നേ എനിക്കറിയാമായിരുന്നു. അതുകൊണ്ട് തന്നെ അവരെ ഞാന്‍ ശ്രദ്ധിച്ചു എന്ന് അവര്‍ക്ക് ഒരിക്കലും തോന്നാതിരിക്കാനുള്ള ഭാവം മുഖത്ത് പെയിന്റ് ചെയ്ത ശേഷമാണ് ഞാന്‍ ഓട്ടോയില്‍ നിന്നും ഇറങ്ങിയത്. ക്ഷണിക്കപ്പെട്ടിട്ടു ചെന്ന വി.ഐ.പി എന്നപോലെ ഞാന്‍ ഞെളിഞ്ഞു നിന്നു ഒന്ന് ചുറ്റും നോക്കി. എന്റെ ഈ ഷോ ഒക്കെ കണ്ടിട്ടും അവളുമാര്‍ എന്നെ അങ്ങോട്ട്‌ മൈന്‍ഡ് ചെയ്യുന്നില്ല എന്ന് കണ്ടപ്പോള്‍ എനിക്കതങ്ങോട്ട് രസിച്ചില്ല.
ഭാഗ്യം കോര്‍പ്പറേഷന്‍ ടാപ്പിന്റെ രൂപത്തില്‍ എന്നെ നോക്കി ചിരിക്കുന്നത് അപ്പോഴാണ്‌ എന്റെ ശ്രദ്ധയില്‍ പെട്ടത്. അതാ അടയ്ക്കാത്ത കോര്‍പ്പറേഷന്‍ പൈപ്പില്‍ നിന്നും അമൂല്യമായ കു(കാ)ടി വെള്ളം പുറത്തേക്കൊഴുകി ആമയിഴഞ്ചാന്‍ തോടിന്റെ ഭാഗമാകുന്നു. സാമൂഹ്യ പ്രതിബദ്ധതാ പ്രദര്‍ശനം എന്ന സാര്‍വത്രിക പൊതുജനാകര്‍ഷണ ഭൈരവയന്ത്രം പ്രയോഗിക്കാന്‍ ഞാന്‍ തീരുമാനിച്ചു. "നമ്മുടെ ജനങ്ങള്‍ എന്നാണു ഇനി കുടിവെള്ളത്തിന്റെ വില മനസിലാക്കുന്നത്? ഉപയോഗം കഴിഞ്ഞാല്‍ ടാപ്പ് അടയ്ക്കാന്‍ പ്രത്യേകം കോഴ്സ് ഒന്നും പാസ് ആവേണ്ട കാര്യമില്ലല്ലോ." സാമൂഹ്യബോധത്തിന്റെ ബഹിസ്ഫുരണത്തിന്റെ ആദ്യപടിയായി ചങ്ങാതിയോട്‌ ഒരു ലഘു പ്രഭാഷണം നടത്തിക്കൊണ്ട് ഞാന്‍ നേരെ ആ ടാപ്പിന്റെ നേരെ നടന്നു. ഒളിമ്പിക്സ് ദീപശിഖ കൊളുത്തുന്ന ഭാവത്തില്‍ ഞാന്‍ ആ ടാപിന്റെ അടപ്പ് തിരിച്ചു. കുടിവെള്ളത്തിന്റെ വിലയെ കുറിച്ചും അത് നമ്മള്‍ മനസിലാക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ചും ഉള്ള എന്റെ പ്രഭാഷണം 'No claps please!' എന്ന ഭാവത്തിന്റെകൂടി അകമ്പടിയോടെ മുന്നോട്ടു കൊണ്ട് പോകുമ്പോഴാണ് പെട്ടത് കുരുക്കിലാണെന്ന് ഞാന്‍ അറിയുന്നത്, ടാപ്പ് അടയുന്നില്ല!!! മാത്രമല്ല കുറെ നേരം തിരിച്ചു കഴിഞ്ഞപ്പോഴേക്കും വെള്ളത്തിന്റെ ഒഴുക്ക് കൂടുകയും ചെയ്തു. ഇനി തിരിച്ചാല്‍ ടാപ്പിന്റെ അടപ്പ് ടാപ്പിനെ ഉപേക്ഷിച്ചു എന്റെ കൂടെ ഇറങ്ങിവരും എന്ന് തോന്നിയപ്പോള്‍ ഞാന്‍ ആ മിഷന്‍ വിട്ടു. ഞാന്‍ തന്നെ അറിയാത്ത ഏതോ നിമിഷത്തില്‍ എന്റെ പ്രഭാഷണം നേരത്തെ നിലച്ചിരുന്നു.
കൂടുതല്‍ പറയേണ്ടല്ലോ അല്ലെ?

1 comment:

 

Sample text

Sample Text

Sample Text

 
Blogger Templates